Sunday, February 7, 2021

വെള്ളം..ഉപ്പുള്ള വെള്ളം

 *വെള്ളം...ഉപ്പുള്ള വെള്ളം*


'വെള്ളം' സിനിമ ഒറ്റയിരുപ്പിൽ കണ്ടുതീർത്തു. മനുഷ്യത്വമുള്ള കുറെ സിനിമകൾ ആണ് ഈ ആണ്ടിന്റെ സുകൃതം. അറിയാതെ കണ്ണിൽ വെള്ളം നിറയും ; ഉപ്പുള്ള വെള്ളം. യാതൊരുവിധ സ്ഥിരതയുമില്ലാത്ത അലംകോലപ്പെട്ട ജീവിതം. സ്വന്തബന്ധങ്ങളുടെ കാർക്കിച്ചുതുപ്പലുകൾ നാറുന്ന ഓടകളിൽ അയാൾ അയാളെത്തന്നെ മറന്നു കിടക്കുമ്പോൾ മുറിവുകൾ അത്രയും മറ്റുള്ളവർക്കു ആണ് (വാചകത്തിനു ജിബുവിനോട് കടപ്പാട്). മദ്യപാനം ഒരു കഠിനരോഗമായി ഒരാളുടെ ജീവിതത്തെ അപ്പാടെ വിഴുങ്ങുന്നത്, അപാരമായി ജയസൂര്യ എന്ന നടൻ അഭിനയിച്ചുകാണിക്കുമ്പോൾ, അതിൽ വിറങ്ങലിച്ചു നിന്നുപോകുന്ന അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ജീവിതങ്ങൾ വല്ലാതെ മുറിപ്പെടുത്തുന്നു. ദാരിദ്യം, മാനനഷ്ടം, മുച്ചൂട് മുടിക്കൽ...എല്ലാം നഗ്‌നമായി തന്നെ അവതരിപ്പിക്കപ്പെടുകയാണ്. അർത്ഥങ്ങളും ആഴങ്ങളും ഒത്തിരി ഉണ്ട് ഈ സിനിമക്ക്. മുരളിക്ക് മദ്യം ആണെങ്കിൽ..എനിക്കും നിനക്കും അത് മറ്റെന്തുമാകാം. ലഹരികൾ,ആർഭാടങ്ങൾ, പ്രവണതകൾ, ചതി, നിസ്സഹകരണം, അവിശ്വസ്തത...അങ്ങനെ എന്തും. നായകനുമായി ബന്ധപ്പെട്ടവരുടെ - അപ്പൻ,അമ്മ, ഭാര്യ,മകൾ എല്ലാവരുടെയും മുഖത്ത് കരിനിഴൽ മാത്രമാണ്; അരണ്ട വെളിച്ചം പകരുന്ന എണ്ണവിളക്ക് പോലെമാത്രം പ്രകാശിക്കുന്ന മുഖങ്ങൾ. തന്റെകൂടെയുള്ളവർ പലയാവർത്തി മരിക്കുകയും മുറിവേല്പിക്കപെടുകയും ചെയ്തു എന്ന മുരളിയുടെ തിരിച്ചറിവിൽ നിന്നു, അവന്റെ ഉയിർത്തെഴുന്നേൽപ്പ് ആരംഭിക്കുകയാണ്. ഈ സിനിമയുടെ കലാശകൊട്ടു മനസ്സിൽ നിറക്കുന്ന പ്രചോദനം നിസ്സീമമാണ്. വല്ലാതെ സത്യങ്ങൾ വിളിച്ചു പറയുന്ന സിനിമകൾ ഇനിയും ഉണ്ടാകട്ടെ. നിറയെ കറ പിടിച്ച ജീവിതങ്ങളിൽ നിന്നു പറന്നുയരാൻ അനേകർക്ക് ഈ സിനിമ ഹേതുവാകും...ഉറപ്പ്. 'ഒന്നും നഷ്ടപ്പെട്ടിട്ടില്ല, സ്വന്തം തീരുമാനത്തിൽ എല്ലാം തിരിച്ചുകൊണ്ടുവരാൻ സാധിക്കും'എന്നുള്ള ഒരാളുടെ ആത്മവിശ്വാസമാണ് ഈ സിനിമയുടെ കാതൽ. 'ഒരു ക്ലാസ്സിലെ 50 കുട്ടികളെ പഠിപ്പിക്കുന്നതിനെക്കാൾ, ഒരു സിനിമയിലൂടെ അനേകം പേരോട് സംവദിക്കാൻ സാധിക്കും' എന്ന് Sunday Holiday എന്ന സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നപോലെ, സിനിമകളെകുറിച്ച് എഴുതിപോവുകയാണ്..ഈ ആണ്ടിന്റെ സുവിശേഷം രചിക്കപ്പെട്ടതുപോലെ..


                   *ഷിബിനച്ചൻ CMI*

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...