Sunday, April 9, 2023

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ* 


ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന ചില കുഞ്ഞുങ്ങളെ പോലെ ഞാൻ ദൈവത്തോട് കലഹിച്ചു കൊണ്ടേയിരുന്നു. "എപ്പോഴും ഓർത്തിരിക്കേണ്ട കാര്യങ്ങൾ എപ്പോഴും മറക്കുവാൻ ആരോ എന്നെ പഠിപ്പിക്കുന്നത് പോലെ." സിഎസ് ലൂയിസിന്റെ ചെറുകഥയിലെ വാക്കുകളിൽ നിന്നാണിത്.താപചാലകമായ ലോകത്തെ ചൂടാക്കി നിർത്തി, അതിൽ വീഴുമ്പോൾ തന്നെ ആവിയായി പോകുന്ന വെള്ളത്തുള്ളി കണക്കെ ക്ഷണികമാണ് ജീവിതം എന്ന് ധരിക്കാത്ത യാത്രയിലാണ് നമ്മൾ പലപ്പോഴും. ക്രിസ്തുവിൽ സ്വയം നഷ്ടപ്പെടുത്തേണ്ടവനാണ് ഞാൻ എന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. സ്വന്തം ജീവിതം നിർണയിക്കാൻ കഴിവില്ലാത്തവരായി എത്രനാൾ നാം ഇങ്ങനെ...? ആരും ആർക്കും വേണ്ടി ജീവിക്കുന്നില്ല..ഞാൻ ആർക്കോ എന്തിനോ വേണ്ടി നടിക്കുന്നു... വൈരുദ്ധ്യാത്മകമാണ് ജീവിതം. സങ്കടമുള്ള എല്ലാവരും കരയുന്നില്ലല്ലോ.? ചിരിക്കുന്ന എല്ലാവരും സന്തോഷമുള്ളവരാണോ? എന്ന ജൂഡ് എന്ന സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ ഞാൻ എന്നെ തന്നെ ജഡ്ജ് ചെയ്യുകയാണ്. സുഹൃത്തേ.... ഞാനെന്ന് എഴുതിയിടത്തെല്ലാം നീ എന്ന് കൂട്ടിച്ചേർത്തു വായിക്കുമ്പോൾ നമ്മളാണ് ദൈവത്തോട് കലഹിക്കുന്നവർ.ഇനി ഇങ്ങനെ പോരാ...ദൈവം കൂടെയുള്ള ജനത എന്ന നിലയിൽ ശ്രേഷ്ഠമായുള്ളത് കയ്യിലുള്ളതുപോലെ നമുക്ക് ജീവിക്കണം. കണ്ണാടികളുമായി നടക്കുവാനുല്ലാ..സ്വയം കണ്ണാടികളായി തീരുവാൻ ശ്രമം ഉണ്ടാകണം. ദൈവത്തിന് ഇഷ്ടമുള്ളതൊക്കെ മറ്റുള്ളവർ എന്നിൽ കണ്ടെത്താൻ ഇടയാകണം. കാണുന്ന സ്വപ്നങ്ങൾ വയസ്സുകാലം വരെ ഓടുവാൻ നമ്മെ പ്രേരിപ്പിക്കുന്നതാകണം. നിനക്ക് അരികിലായി ഒരു പുഴ ഒഴുകുന്നുണ്ട് ആ പുഴ നിന്നിലേക്ക് ഒഴുകിയെത്തുന്ന നിമിഷമാണ് കാത്തിരിക്കേണ്ടത്. അരുവികൾ ഒഴുകി ഒരുമിച്ച് ഒരു പുഴയിലെത്തിച്ചേരുമ്പോൾ അതിന് പുതിയ പേര് ലഭിക്കുന്ന പോലെ നിന്നെയും പുതിയ പേരിൽ ആളുകൾ വിളിക്കട്ടെ....'ദൈവത്തിന്റെ മനുഷ്യൻ.'


ഷിബിനച്ചൻ CMI

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...