Tuesday, March 28, 2023

എനിക്ക് ദാഹിക്കുന്നു

 *എനിക്ക് ദാഹിക്കുന്നു* 


ഒരു ഇൻസ്റ്റഗ്രാം റീൽ കണ്ട് മൊബൈൽ താഴെ വെച്ചു. വല്ലാതെ ചിന്തിപ്പിച്ച ഒരു വീഡിയോ... ഒരു കൊച്ചു കുഞ്ഞ് റോഡിൽ പൊട്ടി ഒഴുകുന്ന പൈപ്പ് വെള്ളം, ചെറിയ കപ്പിൽ കോരി കുടത്തിൽ നിറക്കുന്നു. അതിൽ നിന്ന് അവൻ കുടിക്കുകയും ചെയ്യുന്നു. അടുത്ത ഒരു മണിക്കൂർ കഴിഞ്ഞാൽ എനിക്ക് കുടിക്കാൻ വെള്ളം ഇല്ല എന്ന അവസ്ഥ തിരിച്ചറിയുന്നവന്റെ സുരക്ഷിതത്വബോധം എന്താണ്?...കുറച്ചുകൂടി സൗമ്യമായി ഇതിനെ ചിന്തിച്ചെടുക്കാൻ ഞാൻ ശ്രമിച്ചു. നിഷ്ഫലം....വിശപ്പിനെ ജലം കൊണ്ട് പിടിച്ചുനിർത്താം എന്നിരിക്കെ ദാഹത്തെ പിടിച്ചു നിർത്തുവാൻ ഒന്നുമില്ലെങ്കിൽ ഉള്ള അവസ്ഥ എന്താണ്.... മരണത്തോളം വരും അത്....എന്തു പറഞ്ഞാണ് നമുക്ക്  ഇത്തരണക്കാരുടെ സങ്കീർണതകളെ അഡ്രസ് ചെയ്യാൻ പറ്റുക.

എന്തു വേദങ്ങളാണ് നമുക്ക് ഇവരുടെ കർണ്ണങ്ങളിൽ ഓതാൻ ആവുക... വെള്ളം കുടിക്കുവാൻ ഉണ്ടായിട്ടും സമയാസമയങ്ങളിൽ വെള്ളം കുടിക്കാതിരുന്നതിന്റെ ശാരീരിക സങ്കീർണത പേറിയാണ്  ഈ എഴുത്തു പോലും ഞാൻ എഴുതി തീർക്കുന്നത്...വെള്ളത്തോളം സത്യമായിട്ടുള്ളത്  ഒന്നുമില്ലാത്തപോലെ.. ജീവരക്തത്തിൽ പോലും വെള്ളം വരുന്നത് അങ്ങനെ ഒരു അർത്ഥത്തിൽ ആയിരിക്കും...വെള്ളത്തിന് വേണ്ടി മനുഷ്യർ പട വെട്ടുന്ന ദുര്യോഗം ഭൂമിക്ക് ഉണ്ടാവാതിരിക്കട്ടെ..

 എനിക്ക് ദാഹിക്കുന്നു എന്ന കാൽവരി മൊഴിയിൽ ക്രിസ്തു തികച്ചും അസ്വസ്ഥനായിരുന്നില്ലെ..?നീണ്ട മണിക്കൂറുകളിലെ പീഡനങ്ങൾക്കും പരാക്രമങ്ങൾക്കും ഒടുവിൽ ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ ഒരുവനെ... ആത്മാക്കൾക്ക് വേണ്ടിയുള്ള ദാഹം എന്ന് അതിനെ കാലങ്ങൾക്കപ്പുറം ദൈവശാസ്ത്ര മഹത്വത്തോട് കൂടി നമ്മൾ അവതരിപ്പിക്കുമ്പോൾ മനുഷ്യൻ എന്ന നിലയിലുള്ള ക്രിസ്തുവിന്റെ പ്രാണ വേദന അളക്കാൻ ആർക്കാണ് കഴിയുക.....ചെല്ലാനത്തും കോതാടും വൈപ്പിനിലും (വേറെ എവിടെയെങ്കിലും ഒക്കെ ഉണ്ടോ എന്ന് അറിയില്ല )കുടിവെള്ളം കിട്ടാതെ നട്ടംതിരിയുന്ന ജനങ്ങൾ ഉണ്ടത്രേ. അവർ എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത് എന്ന് മര്യാദക്ക് മനസ്സിലാക്കാൻ പോലും കഴിയുന്നില്ല...കാരണം ഒരിക്കലും വെള്ളംകുടി മുട്ടാത്ത ചിലരുണ്ടത്രേ.. ഞാനും ആ ഗണത്തിൽപ്പെട്ടവൻ തന്നെ...


 ഷിബിനച്ചൻ  CMI

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...