Tuesday, January 12, 2021

ആത്മാവ് തേടി

 *ആത്മാവു തേടി* 


തത്ത്വശാസ്ത്ര പഠനകാലത്ത്  ചുമ്മാ പഠിച്ചു തള്ളിയ ഒരുഭാഗം. Body and Soul; ശരീരവും ആത്മാവും. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ട് കൊടുക്കരുത് എന്ന തിരുവചനം പോലെ, വലിയ വെളിവൊന്നും ഉണ്ടായിരുന്നില്ല ഇതിനെപ്പറ്റി. ഉദാത്തമായ ഇത്തരം ചിന്തകൾ ശിരസ്സിനെ മദിക്കുവാൻ മാത്രം ആന്തരിക മൗനം ഉണ്ടായിരുന്നില്ല, അന്നത്തെ എനിക്ക്. പ്രീണിപ്പിക്കേണ്ടത് ശരീരം മാത്രമായിരുന്നു എന്ന മൗഢ്യഭാവം വല്ലാതെ തലയ്ക്കു പിടിച്ചിരുന്നു.ആട കൊണ്ട് ,ആഭരണം കൊണ്ട്, ആവരണങ്ങൾ കൊണ്ട്- ആവോളം അലങ്കരിച്ചു കൊണ്ടുനടന്നു. 65 കിലോയിൽ താഴെ മാത്രം മാത്രം ഭാരമുണ്ടായിരുന്ന എന്റെ ശരീരത്തിൽ അഴകിന്റെ അളവുകൾ ഒന്നും കൃത്യം അല്ലായിരുന്നു. അനുദിനം മുടി പൊഴിച്ചുകൊണ്ട് വാശി തീർക്കുന്ന എന്റെ തല,ഉള്ളതിനെ നരയ്ക്കാൻ വിടാതെ കാത്തുസൂക്ഷിക്കുവാൻ ഞാൻ പെടുന്ന പെടാപ്പാടുകൾ, കുഴിഞ്ഞ കണ്ണുകൾ,ഒരിക്കലും വെളുക്കാത്ത പല്ലുകൾ- ഞാൻ സുന്ദരനാണെന്ന് തോന്നിപ്പിക്കുമാറു ഞാൻ സ്വീകരിച്ച പ്രതിരോധമാർഗങ്ങൾ അത്യാവശ്യം അളവറ്റതായിരുന്നു.


ഇങ്ങനെ പൂശിയെടുത്ത ശരീരത്തിന് പ്രാധാന്യമില്ലെന്ന് എൻറെ ശരീരത്തിന്റെ നിശ്ചലാവസ്ഥ എന്നെ ബോധ്യപ്പെടുത്തുന്നു. എന്തെങ്കിലും ഉടുക്കാം, വർണ്ണം നോക്കേണ്ട; ആഭരണവും ആവരണവും വേണ്ട. പരിമളങ്ങൾ  പൂശേണ്ടിവരില്ല. അവയെല്ലാം അവരവരുടെ സ്ഥാനം പിടിച്ചു കഴിഞ്ഞു, ഇനി അടുത്തെങ്ങും പണിയില്ല എന്ന മട്ടിൽ. എല്ലാം അർത്ഥമില്ലാത്തതായിരുന്നു എന്ന ഒരു താത്കാലിക തോന്നൽ.Radical ആകാൻ മാത്രം കരുത്തില്ല ഈ ചിന്തയ്ക്ക്. എങ്കിലും പുതിയ യാത്ര ആത്മാവ് തേടിയാണ്; ഉള്ളറയിൽ ഇല്ലത്രെ. തേടി പിടിക്കണം ആത്മാവിനെ പടിയിറക്കിയത് ശരീരഭ്രമങ്ങളാണ്. ഒരിക്കലും മനസ്സിലാകാതിരുന്ന തിരുവചനഭാഗങ്ങൾക്ക് ജീവൻ വെക്കുന്ന പോലെ തോന്നുന്നു. "ആത്മാവാണ് ജീവൻ നൽകുന്നത് ശരീരം ഒന്നിനും ഉപകരിക്കുന്നില്ല" (യോഹ 6:63 ).ശരീരത്തിന്റെ  ഈ നിശ്ചലതയിൽ, ഈ നിസ്സഹായാവസ്ഥയിൽ നാല് ചുവരുകൾക്കുള്ളിൽ ഇരുന്ന് ഞാൻ തേടുന്ന സത്യമാണ് ആണ് ആത്മാവ്. ജീവൻ നൽകുന്ന ആത്മാവിനെ തേടിപ്പിടിച്ച് ഉള്ളിൽ ഇട്ട് പൂട്ടണം;ശരീരഭ്രമങ്ങളിൽ അല്ല,ആത്മാവിന്റെ ആനന്ദങ്ങളിൽ ആശ്വസിച്ചു മുന്നേറാൻ. 


                     ഷിബിനച്ചൻ CMI

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...