Tuesday, January 12, 2021

സ്നേഹപാരമ്യം

 *തിരുരക്തത്തിന്റെ ഉപവിയുടെ സഹോദരിമാരെ...* 


'സ്നേഹപാരമ്യ'ത്തിലൂടെ കടന്നുപോവുകയായിരുന്നു.ആഴവും പരപ്പും തിട്ടപെടുത്താനായില്ല.ആത്മീയജീവിതത്തിന് ഒരു ഉണർവ് ലഭിക്കണമെന്ന വാശി ഈ വായനയ്ക് പിന്നിൽ ഉണ്ടായിരുന്നു.ആദ്യം കണ്ണ് ഉടയ്ക്കിയ വാക്യം, *'ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളിൽ ദൈവസാന്നിധ്യത്തിന്റെ യഥാർത്ഥ അടയാളം കണ്ടെത്തുന്നതിന് അവർക്ക് കഴിഞ്ഞു.'*

എന്നതാണ്.എന്റെയും ഇത്‌ വായിക്കുന്ന ഓരോ ആളിന്റെയും ജീവിതത്തിന്റെ പൊരുൾ ഇതാണ്, ജീവിതഏടുകളിൽ നാം ദൈവനാമത്തിൽ, ദൈവസാന്നിധ്യത്തിൽ ജീവിക്കുന്നവരാണ് എന്ന അവബോധം. ഈ അവബോധം നിലനിർത്തി വായിച്ചാലേ ഈ പുസ്തകം ഒരു വെല്ലുവിളി ആയിത്തീരൂ.താളുകളിലൂടെ കടന്നുപോയപ്പോൾ വിചിന്തനത്തിനായി ഒരു ചോദ്യം ഒളിച്ചുവയ്ക്കപ്പെട്ടിരുന്നു. *"തിരുരക്തത്തിന്റെ പുത്രിമാരെ,നിങ്ങളുടെ ജീവിതന്തസ്സിന്റെ നന്മ നിങ്ങൾക്ക് ശക്തിയും പ്രചോദനവും നല്കുന്നില്ലേ?"* ആയിരിക്കുന്ന ജീവിതാന്തസ്സിൽ പണിയെടുത്തു നേടിയെടുക്കേണ്ട നന്മ ;ആ നന്മ മാത്രമേ ശക്തിയും പ്രചോദനവും നൽകൂ എന്ന വലിയ വാൾമുനയോട് കൂടിയുള്ള ഓർമ്മപ്പെടുത്തൽ. " *സ്വതന്ത്ര മനസ്സോടെ ഏറ്റെടുത്ത ഈ പ്രത്യേക വിളിക്ക്‌ അനുയോജ്യമായ എല്ലാ കടമകളും ഈ വിളി സ്വീകരിച്ചവർ ഏറ്റെടുത്തെ മതിയാകൂ"* എന്ന കനമുള്ള ഒരു ഓർമ്മപ്പെടുത്തലും ഉണ്ട്‌ തുടർന്നുള്ള താളുകളിൽ." *ചിന്തയിലും സംസാരത്തിലും പ്രവർത്തിയിലും ഒക്കെ പ്രത്യക്ഷപ്പെടുത്തേണ്ടത് ലോകരക്ഷക് നിദാനമായ തിരുരക്തത്തെ ആണ്"* എന്ന വായന നെഞ്ചുപിളർത്തുകയാണ്. കുറച്ചുകൂടി നേരത്തെ ഈ പുസ്തകവുമായി മല്ലിടേണ്ടതായിരുന്നു എന്നു തോന്നി പോകുകയാണ്. 'സ്നേഹപാരമ്യം' വായിച്ചു തീർക്കേണ്ട വെറുമൊരു പുസ്തകമല്ല; ഓരോ സമർപ്പിതനും സമർപ്പിതയ്ക്കും ഇതൊരു ഉണർത്തുപാട്ടാണ്. ഉറകെട്ടു പോയതിനു ഉറ കൂട്ടുവാൻ ഉതകുമാറുള്ള ഒരു വെളിപാട്. ഏറ്റവും ഊഷ്മളമായ വായന, *'സഭാവസ്ത്രം എടുത്തണിയുമ്പോൾ ഉപവിയുടെ വസ്ത്രത്താൽ എന്നെ മൂടണമേ'* എന്നുള്ളതായിരുന്നു. ശേഷം ചെയ്യാൻ പോകുന്ന കർമ്മങ്ങളുടെ തീർച്ചയ്ക്കും മൂർച്ചയ്ക്കും വേണ്ടി ശ്രമിക്കുമ്പോൾ  സഭാവസ്ത്രം അണിയുന്നതിലൊക്കെ എനിക്കെന്തു ഉപവി ദൈവമേ? ഈ പുസ്തകതിന്റെ ഓരോ വരിയും ഒരേ സമയം ഓർമപ്പെടുത്തലും വെല്ലുവിളിയുമാണ്. വിവരിക്കാനോ എഴുതാനോ ഈ ചെറിയ കുറിപ്പ്‌ മതിയാകില്ല. വലിയൊരു സമ്മാനം സ്വീകരിച്ച ആത്മസംതൃപ്തിയിൽ ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു. ഞാനും ഞാൻ ആരിലേക്ക്‌ യാത്ര ചെയ്യുന്നുവോ ആ ക്രിസ്തുവും തമ്മിൽ അകലം ഉള്ളതുകൊണ്ടാണോ എന്നറിയില്ല, വാ. തോമസ് മരിയ ഫുസ്‌കോ പിതാവ് പ്രാർത്ഥിച്ച, എന്നെ വല്ലാണ്ട് പൊള്ളിച്ചുകളഞ്ഞ രണ്ടു വരി പ്രാർത്ഥന എഴുതി അവസാനിപ്പിക്കട്ടെ...


 *" ഓ..എന്റെ പ്രിയ യേശുവേ, അങ്ങിൽ നിന്നകന്നിരിക്കുന്ന അവസരത്തിൽ മറ്റൊരു സ്നേഹവും എന്നെ കരസ്ഥമാക്കാതിരിക്കാൻ അങ്ങു തന്നെ എന്നെ കാത്തുകൊള്ളണമേ."* 


                                   നന്ദിയോടെ

                                  ഷിബിനച്ചൻ CMI

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...