Tuesday, January 12, 2021

ഇടവേള

 *ഇടവേള* 


ചിലപ്പോൾ ജീവിതത്തിനു മുൻപിൽ നമ്മൾ നിശബ്ദരാകാറുണ്ട്‌. നിർവികാരതയിൽ അഭയം തേടാറുണ്ട്. പ്രണയവിരഹമോ, മനസ്സിന് ആഘാതം ഏൽപ്പിച്ച ഉറ്റവരുടെ മരണമോ, ഒത്തിരി പ്രതീക്ഷ നൽകിയ ജീവിതസാഹചര്യം നഷ്ടപ്പെട്ടതിന്റെ നീറ്റലോ, എന്തുമാകാം കാരണം.കുറച്ചുനാളുകളായി ഞാനും ഒരു നിർവികാരതയുടെ ഇടവേളയിലാണ്; തീർച്ചയായും ചില ആഘാതങ്ങൾ ഏറ്റതുകൊണ്ട് തന്നെ.  ഈ നിർവികാരതയിൽ ഇരുന്നുകൊണ്ടു ചിന്തകളോട് മല്ലിടുവാൻ ഒരു മടി,എല്ലാ ചിന്തകളും വല്ലാതെ യാഥാർഥ്യങ്ങളെ പൊക്കി എടുക്കുന്നതു പോലെ. ജീവിതയാഥാർത്ഥ്യങ്ങൾ  ഒരു വില്ലനെ പോലെ മുന്നിൽ വന്നു നിൽക്കുന്നത് പോലെ തോന്നുന്നു. പ്രാർത്ഥിക്കുന്ന ഒരു പുരോഹിതൻ എന്നിൽ ഇല്ലെന്ന്, ത്യാഗ ജീവിതം നയിക്കുന്ന ഒരു സമർപ്പിത എന്നിൽ ഇല്ലെന്ന്, വാത്സല്യം നൽകി സ്നേഹിക്കുന്ന ഒരു അപ്പൻ അല്ല ഞാൻ എന്ന്, കുടുംബത്തിന്റെ കെട്ടുറപ്പിന് വേണ്ടി കരങ്ങളുയർത്തി തിരുസന്നിധിയിൽ കണ്ണുനീർ തൂകുന്ന ഒരമ്മ എന്നിൽ ജീവിച്ചിരിപ്പില്ല എന്ന കടുത്ത യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നത് അത് ഒരു വില്ലനുമായി ആയി മൽപ്പിടുത്തം നടത്തുന്നതിനു തുല്യമാണ്. ജീവിതത്തിൽ അനുവദിക്കപ്പെടുന്ന  ആഘാതമേറിയ യാഥാർത്ഥ്യങ്ങൾ  വല്ലാതെ നമ്മെ നിർവികാരാറാക്കാറുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ ഒരു ഫ്രീസിംഗ് പോയിൻറ് ഉണ്ട് .'ഞാൻ മടുത്തു എന്തെങ്കിലുമാവട്ടെ' എന്നത് ഉദാഹരണം. ചിലർ ആ പോയിന്റിൽ തകർന്നുപോകും. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന്(അ.3) സഭാപ്രസംഗകൻ പറയുന്നതുപോലെ  ഈ ഇടവേളക്കുശേഷം ഉയർത്തെഴുന്നേൽക്കാൻ ചിലർ ശ്രമിക്കും. ക്രിസ്തുവിനോട് ചേർന്ന് നിൽക്കുന്ന ഇടങ്ങളിൽ ഈ നിർവികാരത ഇല്ല; ഭാവാത്മകത മാത്രം. ഇങ്ങനെയൊന്നും ജീവിതത്തിൽ ഇല്ല എന്ന് പറയുന്നവരോട് ഒരു വാക്ക്, സുഖവും ദുഃഖവും സമാന്തരരേഖകൾ അല്ല; സമ്മിശ്ര കോണുകൾ ആണ്. സുഖം മാത്രമായോ ദുഃഖം മാത്രമായോ ദൈവം ഒരു വര വരയ്ക്കില്ല. ഇവ രണ്ടും ഇടകലർത്തി നിറം ചാർത്തി ദൈവം വരച്ചിടുന്നതാണ് ജീവിതം. ആത്മാർത്ഥമായി പറഞ്ഞാൽ ഇത്‌ ഇതെഴുതുമ്പോൾ വരെ മേൽപ്പറഞ്ഞ കുന്ത്രാണ്ടം, നിർവികാരത - എന്നിൽ കുത്തി കുത്തി മറയുകയാണ്, ഇതൊന്നും ശരിയാവില്ല എന്നമട്ടിൽ. എങ്കിലും ഇതൊരു ഇടവേള മാത്രമാണ് എന്ന് ശക്തമായ തോന്നിപ്പിക്കുന്ന ദൈവം ആണ് ഇവിടെ ഹീറോ .


                     ഷിബിനച്ചൻ CMI

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...