Friday, January 22, 2021

ക്രമം

 *ക്രമം*


വി.ഫ്രാൻസിസ് അസ്സീസിയെ വായിച്ചുതീർത്തു,ബുദ്ധനെ മനസ്സിലാക്കിയെടുത്തു, യേശുക്രിസ്തുവിനെ കുറച്ചുദിവസങ്ങളായി ശിരസ്സിലിട്ട് മഥിക്കുകയാണ്. കുറച്ചുകൂടി വിനീതമായി ജീവിതത്തെ കാണുകയും, ക്രമീകരിക്കുകയും ചെയ്യണമെന്നു സൗമ്യമായി പറഞ്ഞുതരുന്ന ഗുരുസ്മൃതികളാണിവ. ശിരസ്സിൽ വരെ എത്തുന്നുള്ളൂ...വെളിച്ചത്തിന്റെ ഒരു പൊട്ട് ചങ്കിൽ വീണിരുന്നെങ്കിൽ ഞാൻ എത്ര കണ്ട് വിപ്ലകരമായി മാറിയേനെ..ഞാൻ മറ്റെല്ലാവരെയുംകാൾ വലിയവനാണ് എന്ന് കാട്ടാൻ കിരീടം ധരിച്ചുവരുന്ന രാജാവിനെപ്പോലെ, എല്ലാം അറിയാം എന്ന അത്ര ചെറുതല്ലാത്ത അഹംകാരവും, എല്ലാ പരിഗണനയും ലഭിക്കാനർഹൻ എന്ന ധാർഷ്ട്യവും വല്ലാതെ മൂടുകയാണ് ജീവിതത്തെ. നിങ്ങളിൽ ഏറ്റവും വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം (മത്തായി 20:27). ഇത്‌ ജീവിച്ച ക്രിസ്തുവിനെ പ്രതിനിധീകരിച്ചു അവന്റെ വെള്ളവസ്ത്രം അണിയുമ്പോൾ, എനിക്കെന്തു ഉപവി ദൈവമേ...? പന്ത്രണ്ടാം നിലയുടെ മുകളിൽ നിന്നു നോക്കിയപ്പോൾ ഒരു പൊട്ടു പോലെ അച്ചനെ കാണാൻ പറ്റിയുള്ളൂ.. എന്ന കൂട്ടുകാരന്റെ dialogue വല്ലാതെ മുറിപ്പെടുത്തുകയും ഓർമപ്പെടുത്തുകയും ചെയ്യുന്നു; വിനീതമായ ചില ക്രമീകരണങ്ങൾക്ക് സമയമായെന്ന്..'ഈയിടെയായി വല്ലാണ്ടങ്ങട് മാറി ആ ചെക്കൻ'..എന്നു അല്പം മുതിർന്നവരെ കൊണ്ട് പറയിപ്പിക്കുക..; സാദ്ധ്യതകളിൽ ഒന്നാകാൻ തരമില്ല. ഈ അടുത്ത ഇടെ വായിച്ച ഏറ്റവും ഊഷ്മളമായ ചിന്ത - കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിൽ ഇരിക്കുന്ന രാജാവും കാലാളും, കളി കഴിഞ്ഞാൽ കുത്തിനിറച്ചു ഒരൊറ്റ  ഡെപ്പയിൽ ആണല്ലോ എന്നുള്ളതാണ്. ചേട്ടായി എന്നു വിളിച്ചു ഫോൺ വിളിക്കാനും മെസ്സേജ് അയക്കാനും കുറച്ച് പേർ ഉണ്ട് എന്നുള്ളത് സന്തോഷം നൽകുന്നുണ്ട്. കുറച്ചുകൂടി പ്രാർത്ഥിച്ചും, സ്നേഹിച്ചും, സന്തോഷിപ്പിച്ചും, കയ്യിൽ ഉള്ളതൊക്കെ നൽകിയും, നനവുള്ള ജീവിതത്തിലൂടെ ക്രിസ്തുവിന്റെ മിത്രമാകണം. ക്രിസ്തുവിനോട് ചേർത്തു വെക്കുന്നതൊക്കെ ക്രമമാണ്; ശേഷം ജീവിതത്തെ ചെറിയ ചെറിയ കളങ്ങളായി ചുരുക്കണം. ഹൃദയങ്ങൾ ഭരണം നടത്തട്ടെ.

                         

                                      ഷിബിനച്ചൻ CMI

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...