Thursday, January 28, 2021

വെളിച്ചമറ്റ കണ്ണുകൾ

വെളിച്ചമറ്റ കണ്ണുകൾ


അമ്മയെക്കുറിച്ച് എഴുതാമെന്നു ഓർത്തു. ഈ വാഴ്‌വിലെ ഏറ്റവും നനവുള്ള വിചാരമാണ് 'അമ്മ. അമ്മമാരുടെ ദിവസം വരുമ്പോഴോ, അമ്മപരാമർശം ഉള്ള കവിത വായിക്കുമ്പോഴോ, സിനിമ കാണുമ്പോഴോ ഒക്കെ മാത്രമേ, ഈ നനവിനെ കുറിച്ച്‌ ഓർക്കൂ എന്നത് മറ്റൊരു ദുര്യോഗം. 'The Great Indian Kitchen' എന്ന മലയാളസിനിമ കണ്ടു. അടുക്കള മാത്രം പശ്ചാത്തലമാക്കി പടുത്തുയർത്തിയ സിനിമ. കഥാപാത്രം ഭാര്യ ആണെങ്കിലും ഞാൻ അമ്മയിലേക് അതിനെ വികസിപ്പിക്കുകയാണ്. അടുക്കള മാത്രം കുറേ നേരം കണ്ടുകൊണ്ടിരുന്നപ്പോൾ പതുക്കെ ബോറടിച്ചു തുടങ്ങി. ഈ സിനിമ കാണുമ്പോൾ ഒരു ശരാശരി മലയാളിക്ക് തോന്നുന്ന ബോറടിയാണ്; പത്ത്, ഇരുപത്, മുപ്പത്...അമ്പത്, അറുപത് വർഷങ്ങളായി നമ്മുടെ അമ്മമാർ അനുഭവിക്കുന്നത്. അമ്മക്ക് അടുക്കള ജോലി ഒരു ഭാരവും ബോറടിയുമല്ല എന്ന് പറഞ്ഞു ഇതിനെ വിമലീകരിക്കുന്നവരോട് എനിക് യോജിക്കാനാവില്ല. നല്ല കരുത്തുള്ള സിനിമ. ദിവസത്തിന്റെ ബോധസമയങ്ങളിൽ അധികസമയവും അടുക്കളയിൽ വ്യാപരിക്കുന്ന അമ്മമാർക്ക് ഒരു Actual Tribute. ഒത്തിരി വിചാരങ്ങൾ ഉണ്ട് മനസ്സിൽ...എല്ലാ ദിവസവും മുടങ്ങാതെ ആവർത്തിച്ചു ചെയ്യേണ്ട അടുക്കള ജോലി ചെയ്യുന്ന 'അമ്മ- 14 ദിവസം Quarantine ഇരുന്നപ്പോൾ നാം അനുഭവിച്ച വീർപ്പുമുട്ടൽ ആജീവനാന്തകാലം അടുക്കളയിലും വീടിനകത്തുമായി അനുഭവിക്കുന്ന 'അമ്മ- ആണുകേസരികൾ മാത്രം ഉള്ള വീട്ടിൽ ഒരു കൈസഹായത്തിന് പോലും ആളില്ലാതെ യന്ത്രം കണക്കെ ജോലി ചെയ്യേണ്ടിവരുന്ന അമ്മമാർ. എല്ലാം കഴിഞ്ഞു, ദിവസം ഒടുങ്ങുമ്പോൾ, ദൈവസന്നിധിയിൽ കരങ്ങളുയർത്തി കണ്ണുനീർ തൂകുന്ന 'അമ്മ. വല്ലാതെ വിചിത്രമായിട്ടാണ് ദൈവം  അമ്മമാരെ സൃഷ്ടിച്ചിരിക്കുന്നത്. അത്താഴപട്ടിണി കിടന്നാൽ സ്വൈര്യം കെടുത്തുന്ന സ്വരമാണ് 'അമ്മ, പുസ്‍തകം വായിക്കുന്നതിനിടെ ഉറക്കം തൂങ്ങുമ്പോൾ ഞെട്ടിയുണർത്തുന്ന നിലവിളിയാണ് 'അമ്മ, രോഗശയ്യയിൽ മോനെ എങ്ങനെ ഉണ്ട് എന്ന് ആയിരം തവണ ചോദിക്കുന്ന സ്നേഹശബ്ദമാണ് 'അമ്മ. 'അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടിവെക്കുന്നു' എന്നു ബൈബിൾ. വല്ലാതെ ഇഷ്ടപ്പെട്ട, കാണാപാഠം പഠിച്ച കൽപറ്റ കവിതയിലെ അമ്മവിചാരം എഴുതി അവസാനിപ്പിക്കട്ടെ..."ഞാൻ എത്തിയാൽ മാത്രം കെടുന്ന ഒരു വിളക്ക് വീട്ടിലുണ്ട്..അത് അമ്മയുടെ കയ്യിലാണത്രേ."


                   ഷിബിനച്ചൻ CMI

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...