Sunday, March 7, 2021

എഴുത്ത്

 *എഴുത്ത്* 


വല്ലാതെ ഉലയ്ക്കുന്ന ഒന്നാണ് എഴുത്ത്. അക്ഷരങ്ങൾക്ക് ചതിക്കാനാവില്ല. അതുകൊണ്ടല്ലേ, പുസ്തകങ്ങളും വായനകളും ഒക്കെ വല്ലാതെ അത്ഭുതം സൃഷ്ടിക്കുന്നത്. വായനയുള്ളവനെ തോല്പിക്കാനാവില്ല. വിപ്ലവകരമായ മാറ്റങ്ങൾക്ക് തിരികൊളുത്താൻ വായനയ്ക്ക് ആകും. ശരീരവും ആത്മാവും പൊരുത്തപ്പെടാനാവാതെ, പരസ്പരം മല്ലടിച്ച സമയത്താണ് കുറെ പുസ്തകങ്ങളെ കൂട്ടുകാരാക്കിയത്.അഗ്നിച്ചിറകുകൾ, ആടുജീവിതം, ഓർഡിനറി....അങ്ങനെ വിരലിൽ എണ്ണാവുന്നവ. എന്റെ വായനക്ക് നിവൃത്തികേട് ആണ് കാരണം എങ്കിൽ, പലർക്കും അങ്ങനെയല്ല. അവരുടെ ആത്മാക്കളെ വായനയിൽ തളച്ചിടാനാണ് അവർക്ക് താല്പര്യം. കാരണമെന്തുമാകട്ടെ, വായിക്കുന്നവരെ ചുറ്റിപ്പറ്റി ഒരു വളർച്ച ഉണ്ട്. അവധാനപൂർവം 100 പേജ് ഉള്ള ഒരു പുസ്തകം വായിച്ചു തീർക്കുക എന്നത് ഒരു തപസ്യ ആണ്. ദ്രുതഗതിയിൽ ഉള്ള ജീവിതമാർഗത്തിൽ നഷ്ടപ്പെട്ടുപോകുന്ന ഒരു മൂല്യമായി ഇത്‌ മാറുന്നു എന്ന് പറഞ്ഞ വെക്കാൻ എനിക്കാകും. ആഴമുള്ള വായന ഇല്ലാത്തതുകൊണ്ട് ഇത് ആധികാരികമായി എഴുതി വെക്കാൻ എനിക് അപമാനം തോന്നുന്നു. വെളുത്ത പേപ്പറിലെ കറുത്ത വരികൾക്ക് അത്രമേൽ കരുത്തുണ്ടെന്നു പുരമുകളിൽ നിന്നു വിളിച്ചുപറയാൻ മോഹം. നിങ്ങളുടെ കൈപ്പത്തികൾ ഞാൻ കടമെടുക്കാം, നിശബ്ദതയിൽ വിറങ്ങലിച്ചു നിൽക്കുന്നവർക്ക് ഉത്തരമെഴുതികൊടുക്കാൻ എനിക് ഒത്തിരി കൈകൾ വേണം. അക്ഷരം കൊണ്ടു സൗഖ്യമേകാൻ എനിക് ആയിരം പേരെ വേണം. വല്ലാതെ നഷ്ടപ്പെട്ടുപോകുമ്പോൾ, ഉറകെട്ടുപോകുമ്പോൾ, നെഞ്ചിടിപ്പോടെ നിൽക്കുമ്പോൾ മിക്കവരും തുറന്നു വായിക്കുന്ന ഒരു ഗ്രന്ഥമുണ്ട്...ബൈബിൾ. അക്ഷരങ്ങളിലൂടെ ആത്മാവ് പകരുന്ന സൗഖ്യത്തിന്റെ പുസ്തകം. ചുണ്ട് വിറച്ച്, മങ്ങിയ കണ്ണുകൾ നനഞ്ഞു ആ പുസ്തകം വായിക്കുക; മറ്റേതോ കാലുകൾ നിന്റെ കൂടെ സഞ്ചരിക്കുന്നുണ്ടെന്നു നിനക്കു തോന്നും. നിന്റെ എല്ലാ നോവുകളിലും നിനക്കു     പിമ്പേ ആരോ ഉള്ളത് പോലെ തോന്നും. അവൻ നിന്നിലൂടെ ആണ് സഞ്ചരിക്കുന്നത്. കാരണം അവൻ ആദിമുതലേ ഉള്ള അക്ഷരമാണ്. ജീവൻ പകരുന്ന അക്ഷരം. ഒരു ഗദ്ഗദത്തിൽ അവസാനിപ്പിക്കട്ടെ...' ആരോടും മിണ്ടാത്ത ഒരു അനാഥൻ എന്റെ മനസ്സിൽ ഇരുട്ട്‌ തിന്നു കിടപ്പുണ്ട്..ഒരിക്കലെപ്പോഴോ വില കൊടുക്കാതെ വാങ്ങിയതാണവനെ. പേടിക്കാനൊന്നുമില്ല..എങ്കിലും, ജീവന്റെ പുസ്തകം അരികിലിരിക്കുമ്പോളും അവൻ എന്നെ കൊന്നുതിന്നുന്നുവോ എന്നു ഒരു സംശയം...'

                         *ഷിബിനച്ചൻ CMI*

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...