Friday, March 12, 2021

മൗനം

 *മൗനം* 


'ശബ്ദത്തിൻറെ ഉച്ചസ്ഥായി മൗനം' -  ഒരു സിനിമയിൽ കേട്ടത് ഓർക്കുന്നു. മൗനം തപസ്യയായി ജീവിക്കുന്ന ഋഷിവര്യന്മാരുടെ  മൗനത്തെ പരാമർശിക്കുന്നില്ല. ജീവിതത്തിൽ മൗനശാപം ഏൽക്കേണ്ടിവന്നവർക്ക് വേണ്ടിയുള്ള ദൈവത്തോടുള്ള എന്റെ നിവേദനമാണിത്. സഹനത്തിന്റെ ഉച്ചസ്ഥായി മൗനം. 'എന്തുപറ്റി.. എന്താ പറ്റിയത് എന്ന് പറ?...'ഏയ് ഒന്നുമില്ല ....ഒന്നുമില്ലാന്നേ..' ഇവർക്കു വേണ്ടിയാണ് ആണ് ഇന്നെന്റെ ശബ്ദം. അലറുന്ന മൗനങ്ങളെ ചുണ്ടിൽ ചുമക്കുന്നവർ. ഞാൻ കണ്ട ഓരോ മനുഷ്യനിലും ഉണ്ട് വായിച്ചു തീർക്കാൻ സാധിക്കാത്ത മൗനനൊമ്പരങ്ങൾ. വീട് കാക്കുന്ന അച്ഛൻ വീടു വിട്ടിറങ്ങുമ്പോൾ പട്ടിണിയാകുന്ന കുഞ്ഞു മൗനങ്ങൾ. കൂട്ടിക്കിഴിച്ചു വെച്ച കണക്കുകൾ അനുവാദമില്ലാതെ പടിയിറങ്ങുമ്പോൾ  നെഞ്ചുപൊട്ടുന്ന അപ്പന്റെ മൗനം. കാത്തുസൂക്ഷിച്ച നിറങ്ങൾ കവർച്ച ചെയ്യപ്പെടുമ്പോൾ വളപ്പൊട്ടുകൾ കണക്കേ ചിതറുന്ന പെൺ മൗനങ്ങൾ. ഏട്ടൻ തനിച്ചാക്കുമ്പോൾ പെരുവഴിയിൽ വീട് മറന്നു നിൽക്കുന്ന പെങ്ങൾ മൗനങ്ങൾ. കരിന്തിരി കത്തുന്ന കുടുംബ ബന്ധങ്ങളെ  ഓർത്തു  വീട്ടുമ്മറങ്ങളിൽ കരഞ്ഞു ജീവിക്കുന്ന അമ്മ മൗനം. (വാക്കുകളുടെ തീവ്രതയ്ക്ക് ജിബുവിന്റെ ബാബൂളിനോട് കടപ്പാട്). അകലേക്ക് പോകുന്തോറും കാറ്റിൽ മുങ്ങിപ്പോകുന്ന ശബ്ദപ്രതിനിധി പോലെ ഒലിച്ചു ഒഴുകി തീരുകയാണ് ആണ് പല ജീവിത മൗനങ്ങളും. അക്ഷരങ്ങൾക്കു ഉള്ളിൽ നിറച്ചു വച്ചിരിക്കുന്ന മൗനം കാണുമ്പോൾ  നമ്മുടെ മനസ്സ് ഒന്നാണെന്ന് തോന്നുന്നുവോ? ഒരുപക്ഷേ ആയിരിക്കാം... ഒരുപക്ഷേ...  ജീവിതത്തിലും ഹൃദയത്തിലും ചുണ്ടിലും മൗനം ഇല്ലാതെ ഒഴുകുമ്പോൾ മറ്റുള്ളവരുടെ മൗനത്തിൻ തീവ്രത അളക്കാൻ തക്ക മാപിനി എൻ കൈകളിൽ ഇല്ലാതെയാവുന്നു . എനിക്കൊപ്പം ജീവിക്കുന്ന നീ പണ്ടേ മരിച്ചു കഴിഞ്ഞു എന്ന് നിന്റെ മൗനം എന്നോട് മന്ത്രിച്ചത് ഞാൻ കേട്ടതേയില്ല. പിറകിൽ അലറുന്ന മൗനങ്ങൾ ഒന്നുമറിയാതെ നമ്മളിൽ ചിലർ ഇങ്ങനെ ജീവിതം ജീവിച്ചു തീർക്കുന്നു. സമാന്തരരേഖകൾ പോലെ, ഒരിക്കലും കൂട്ടിമുട്ടേണ്ടി  വരില്ല എന്ന ഉറപ്പോടെ.


                        *ഷിബിനച്ചൻ CMI*

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...