Wednesday, May 5, 2021

അപായം

 *അപായം* 


ഭൂമിയുടെ അവസാനത്തെ അപകടം പിടിച്ച കളിയാണിത്. അവളും ശ്വാസം പിടിക്കാൻ ഇടം കണ്ടെത്തുകയാണ്.  നമ്മൾ സാധാരണക്കാർക്ക് ഭേദിക്കാൻ ആവാത്തവിധം ഈ കളി മുറുകുകയാണ്. ഭീതിയുടെ അപായമണികൾ എങ്ങും മുഴങ്ങുന്നു. ഓരോ ദിവസവും ലക്ഷണപിശക് ഉള്ളതായി മാറുന്നു. വളർച്ചയും സമ്പത്തും സുസ്ഥിതിയും മാത്രം ജീവിതമാനദണ്ഡങ്ങളായി നമ്മൾ മാറ്റി എഴുതിയപ്പോൾ മുതൽ അവൾ ശ്വാസമടക്കി പ്രതികാരത്തിന് ഒരുങ്ങുകയായിരുന്നു. സ്നേഹത്തെ നമ്മൾ sideline ചെയ്തു.ഭൂമിയെ നമ്മൾ സ്നേഹിക്കാൻ മറന്നു. അവളിലെ പച്ചപ്പിനെ, വ്യതിരക്തതയെ,മൂല്യസമ്പത്തിനെ ഒക്കെ നമ്മൾ വിറ്റു. ബന്ധങ്ങളെയും നമ്മൾ ആനുകൂല്യത്തിന്റെ തട്ടിൽ അളന്നു. എനിക്കെന്ത് ലാഭം? എന്നുള്ളതായിരുന്നു നിന്നെ സ്നേഹിക്കുവാൻ ഞാനെടുത്ത അളവ്. ഫലമോ ആശുപത്രി വരാന്തകളിലും വീട്ടുഉമ്മറങ്ങളിലും ഞാൻ അഴിഞ്ഞു ഒടുങ്ങുകയാണ്. അല്ലെങ്കിൽ മരിച്ചവരെപ്പോലെ ഭീതിയിൽ വിറങ്ങലിക്കുകയാണ്. എല്ലാവർക്കും ഇടമുള്ള വിരിവാർന്ന ജീവിതം ഇല്ലാതെ പോയതിന്റെ ശാപം. സൗഖ്യത്തിന്റെയും സ്വസ്ഥതയുടെയും ജീവിതയാമങ്ങൾ തേടിയുള്ള യാത്രയിൽ ഇനി ശക്തമായി സംബോധന ചെയ്യേണ്ടത് സ്നേഹമാണ്. നിയമവാഴ്ചയുടെ മാനദണ്ഡം നീതിയേക്കാൾ, സ്നേഹം ആയിരുന്നെങ്കിൽ എന്നു യുക്തിരഹിതമായി പോലും ചിന്തിക്കാനും വാദിക്കാനും ആണ് എനിക്കിഷ്ടം. ഒന്ന് പുറത്തിറങ്ങി എല്ലാവരെയും ഒന്ന് കണ്ടു സന്തോഷിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നമ്മൾ ചിന്തിച്ചു പോകുന്നില്ലേ? ഇനി തോൽക്കാൻ തരമില്ല. കുടുംബം,സൗഹൃദം, ജോലി, വ്യവഹാരങ്ങൾ എല്ലാത്തിലും സ്നേഹം നിറയ്ക്കണം. നിനച്ചിരിക്കാതെ പരിചയമുള്ളവർ പോലും,ഒരു വാക്കുപോലും പറയാതെ മരിച്ചു പോകുമ്പോൾ, സങ്കടപ്പെടുകയും ജീവിതം ഭീതിദമാവുകയും ചെയ്യണം; സ്നേഹം കൊണ്ട് കെട്ടിപ്പെടുക്കാത്ത ഇടങ്ങളിൽ ജീവിക്കുവാൻ ഭൂമി നിന്നെ അനുവദിക്കില്ലെന്ന്. അപരന് അപായം വരുത്തില്ലെന്നും, സ്നേഹം കൊണ്ട് തലോടുന്ന ബന്ധങ്ങളും സൗഹൃദങ്ങളും,ജീവിതങ്ങളും ആസന്നമാണെന്നുമുള്ള ഒരു പച്ചപ്പുള്ള സ്വപ്നം മനസ്സിൽ നിറയുന്നു. ഭൂമിയെ, നിന്നോട് മാപ്പ്‌, ഇനിയും ഇതിനെ കഠിനമാക്കരുതെ...


ഷിബിനച്ചൻ CMI

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...