Saturday, May 22, 2021

ചോദ്യോത്തരം

 *ചോദ്യോത്തരം* 


ചോദ്യങ്ങളുടെ ജീവിതത്തിലേക്ക് ആണ് ഇനിയുള്ള ക്ഷണകത്തുകൾ. ഉത്തരങ്ങൾ തേടി ഇനി അലച്ചിലുകൾ ഇല്ല. എല്ലാ ചോദ്യങ്ങളുടെയും ഉത്തരം 'നീ' യാണ്. ആലസ്യങ്ങളാൽ ചിന്തകൾ ദീപ്തമാകാത്ത ശാപം പേറി മനുഷ്യരാശി അലയുകയാണ്. ചിന്തയാണല്ലോ ചോദ്യങ്ങളുടെ മാതാവ്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നീയാണ് എന്നു ഉപസംഹരിക്കാൻ ഒത്തിരി ആഴങ്ങളിലേക്ക് പോകേണ്ടി വരും എന്നു ഉറപ്പാണ്. വാത്സല്യമുള്ള അപ്പനാണോ, സ്നേഹമൂട്ടുന്ന അമ്മയാണോ, ചേർത്തുനിർത്തുന്ന സുഹൃത്താണോ..എല്ലാ ചോദ്യങ്ങളും 'നീ' എന്ന ഉത്തരത്തിൽ അവസാനിക്കണം. 'ആരാണ് എൻറെ അയൽക്കാരൻ' എന്ന മനോഹരമായ ചോദ്യത്തിന്റെ ഉത്തരമാണ് 'നല്ല സമരിയക്കാരൻ.' ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നവരൊക്കെ നെഞ്ചിലേറ്റിയ ഉത്തരം. ചോദ്യങ്ങൾ ഇല്ലാത്ത ഉത്തരങ്ങൾ തേടിയുള്ള മണ്ടത്തരങ്ങൾ നമുക്കിനി പറ്റാതിരികട്ടെ. നീ എനിക്ക് ആരാണ്? നീ എനിക് എന്താണ്? അഹം പിളർത്തുന്ന  ചോദ്യങ്ങൾക്ക് ഉത്തരം ആകുവാൻ നിനക്ക് കഴിയുമോ? സംബോധന ചെയ്യാതെ പോയ അനേകം ചോദ്യങ്ങളുടെ പേറ്റുനോവുമായി നിനക്കു അടുപ്പമുള്ള ഇത്തിരി പേർ അലയുന്നുണ്ട്; നങ്കൂരങ്ങൾ ഇല്ലാതെ അകന്നുപോകുന്ന കപ്പലുകൾ പോലെ. പാകമാകാത്ത ചോദ്യങ്ങൾ ഒളിപ്പിച്ചു വെച്ച് ഒരു പുതുതലമുറയും വളർന്നുവരുന്നുണ്ട്. നീതിക്കും ഏകതക്കും മനുഷ്യത്വത്തിനും വേണ്ടി ചോദ്യങ്ങൾ ചോദിക്കുന്നവരെ കുഴിച്ചുമൂടരുത്.  ഭൂമിയിൽ സ്നേഹത്തിന്റെ പടയാളികളാകുവാൻ സാധ്യതയുള്ള വിത്തുകളാണ് അവർ. ഒരു കുരുവിനുളിൽ എത്ര ആപ്പിൾ ഉണ്ടെന്നു എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത പോലെ, കയ്യിൽ ഒതുക്കാൻ കഴിയാത്ത വിധം സ്നേഹം പടർത്തുവാൻ അവർക്ക് കഴിയും, തീർച്ച. നഷ്ടപ്പെടുത്താൻ നമ്മുക്ക് ഇനി ചോദ്യങ്ങളില്ല. എല്ലാ ചോദ്യങ്ങളും നിന്നിലും എന്നിലും എത്തട്ടെ.സ്നേഹം നീ,വിശ്വസ്തത നീ, വിശ്വാസം നീ, കരുണ നീ, മാനവികതയും നീ..കുറേ കൂടി ഗൗരവപരമായ ചുവടുകൾ എടുക്കാൻ സമയമായി. ഇവിടെ പണ്ട് മനുഷ്യർ ഉണ്ടായിരുന്നു. സാംസ്കാരികരൂപവും മൃഗസ്വഭാവവുമുള്ളവർ. ഞാനും നീയും അതിൽ ഇല്ലായിരുന്നു. ഇനി ഉണ്ടാകുകയും അരുത് ...


ഷിബിനച്ചൻ CMI

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...