Sunday, June 6, 2021

സ്നേഹസന്ദേഹം

 *സ്നേഹസന്ദേഹം* 


സ്നേഹത്തെക്കുറിച്ച് സന്ദേഹിക്കാത്തവർ ആരുമുണ്ടാകില്ല. ചില കുട്ടികൾ ഇടയ്ക്ക് ചോദിക്കും 'അച്ചന് എന്നെ ഇഷ്ടമാണോ...? വാക്കുകൾക്ക് നിർലോഭം വരുത്താതെ മറുപടിയും കൊടുക്കും. 'നീ എന്റെ മുത്തല്ലേ'...എന്ന്. മുപ്പതുകാരന്റെ മനസ്സുകൊണ്ട് ഏഴോ എട്ടോ വയസ്സുള്ള കുരുന്നുകളുടെ മനസ്സിനെ അളക്കുവാൻ തുനിയരുതല്ലോ. എന്നാൽ  മുതിർന്നവരുടെ കാര്യത്തിൽ ഈ അളവ് ഇടവിടാതെ വന്നു പോകുന്നുണ്ട്. നിഷ്കളങ്കത ഇല്ലാത്തതുകൊണ്ട് ഭയന്നും സംശയിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നത് ഒരു ശരാശരി ഇരുപതോ മുപ്പതോ വയസ്സുകാരന്റെ തലവരയാണ്. നമ്മുക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ ഉള്ളംകയ്യിൽ നമ്മൾ സമ്മാനിച്ചത് എന്താണ്...? പുനർ വിചാരണ ചെയ്യണം. അത് സ്നേഹമല്ലായിരുന്നെകിൽ തിരുത്തലുകളുടെ ലോകത്തിലേക്കാണ് നമ്മൾ ഇനി പ്രവേശിക്കുന്നത്. നാം ശരിക്കും നമ്മുടെ ഉറ്റവരുടെ തന്നെയാണോ? അവർ നമ്മളെ own ചെയ്യുമോ? ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ വാക്കുകൾ ഇൻസ്റ്റാഗ്രാമിൽ എവിടെയോ വായിക്കാനിടയായി. കണ്ണാടിയുടെ മുൻപിൽ നിൽക്കുമ്പോൾ സ്വയം ഒരു ചാക്ക് കഷണം മാത്രമാണെന്ന് ചിന്തിച്ചിരുന്ന അവളെ പ്രണയിക്കുവാൻ ഒരു പുരുഷൻ വന്നു. 'നീ എന്റെതാണെന്ന്' ചേർത്തുപിടിച്ചു പറഞ്ഞു. അവർ ഇന്ന് ദമ്പതിമാരാണ്. ഈ ലോകം വീണ്ടും മനോഹരമായി തുടങ്ങുകയാണ്.  ഇവിടെ ജീവിക്കുവാൻ ഇനിയും ഇഷ്ടം ബാക്കി നിർത്തണം. ഉന്മാദങ്ങളില്ലാതെ നീ എന്റേതാണെന്നു ഉറപ്പിച്ച് പറയുവാൻ നമുക്ക് ഇനിയും ആകുമോ?..ചെറിയ നേരങ്ങൾ കഴിഞ്ഞാൽ ജീർണ്ണിച്ചു പോകുന്ന  ദുർബലങ്ങളായ  അനുരണനങ്ങൾ ആണോ എന്നിൽ ഉള്ളത്?  സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന് പറഞ്ഞ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; ക്രിസ്തു എന്നാണ് അദ്ദേഹത്തിൻറെ പേര്. കാലങ്ങളോളം അവിസ്മരണീയമായി ഇത് മുഴങ്ങിക്കേൾക്കാനാണത്രെ.. അവൻ കുരിശു തെരഞ്ഞെടുത്തത്. നീ എന്നെ എന്തോരം സ്നേഹിക്കുന്നു..?  കുരിശിൽ ആണിയടിച്ചു വച്ചിരിക്കുന്ന കൈകളെ കുറച്ചുകൂടി ബലം പിടിച്ചു വിരിച്ച്‌ നെഞ്ചുന്തി അവൻ പറഞ്ഞു 'ഇത്രത്തോളം'.  അതിനുശേഷം അവൻ മരിച്ചു. ഉപാധികളില്ലാതെ സ്നേഹിക്കുകയും, നിറവും നെറിവും പകരുകയും ചെയ്യുന്നവർക്കാണ് ക്രിസ്തുശിഷ്യരിൽ ഇടം കിട്ടു എന്നാണെങ്കിൽ... ഇനി എന്നാണാവോ....?


ഷിബിനച്ചൻ CMI

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...