Wednesday, July 14, 2021

തെറ്റും ശെരിയും

 *തെറ്റും ശെരിയും* 


അക്ഷരങ്ങൾ വ്യക്തങ്ങളാകണേ എന്നൊരു പ്രാർത്ഥനയാണ് മനസ്സിൽ ആദ്യം. എന്റെ ശെരികളെ നീ തെറ്റായി വായിക്കാതിരിക്കാനും, എന്റെ തെറ്റുകളെ നിനക്കു ശെരിയായി തോന്നാതിരിക്കാനും. തെറ്റിനെയും ശെരിയെയും കുറിച്ച് സാരമായി തന്നെ എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ചിട്ടു നാളുകൾ ഏറെയായി.'അക്ഷരഭാരം' താങ്ങാനാവാതെ നീ സ്വയം കുറ്റപ്പെടുത്തുകയോ, വിഷമിക്കുകയോ ചെയ്താൽ, കൂടെയെത്താൻ ഉള്ള വേഗത എനിക്കിനി ഉണ്ടാകില്ല. എന്താണ് എന്നിലെ തെറ്റും ശെരിയും തീരുമാനിക്കുന്നത്? സമൂഹമാണോ, എഴുതപ്പെട്ട നിയമങ്ങൾ ആണോ, മനസാണോ..? നൂറിൽ എൻപത് പേർ തെറ്റു ചെയ്താൽ, ഭൂരിപക്ഷടിസ്ഥാനത്തിൽ അത് ഏറെക്കുറെ ശെരിയിലേക് വരുന്ന കാലത്തിന്റെ പോരാളികൾ ആണ് നമ്മൾ. നിശബ്ദത ഭീരുത്വമാണെന്നറിഞ്ഞിട്ടും, ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ ഓർത്തു, നീതിനിഷേധങ്ങൾക്കെതിരെ മൗനം സ്വീകരിക്കുന്ന ഒരു തെറ്റ് ഞാനും,നീയും,നമ്മളും വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ' വല്ലാത്ത കാലമാണ്, വിവേകത്തോടെ നോക്കിയും കണ്ടും ചെയ്യണം' എന്ന ചില പ്രായമേറിയ അഭിപ്രായങ്ങൾ പലപ്പോഴും എന്റെ ശെരികൾക്ക് ബലക്ഷയം വരുത്തുന്നുണ്ട്. തെറ്റും ശെരിയും മാത്രം തൂക്കിയളക്കുന്ന വർത്തമാനകാലഘട്ടത്തിന്റെ ശാപഗ്രസ്തരാണ് നമ്മൾ. സ്നേഹത്തെയും വിശ്വാസ്യതയെയും വിശുദ്ധിയെയും മാനദണ്ഡമാക്കുന്ന ഒരു തലമുറയ്ക്കായി നമ്മുക്ക് വഴിമാറികൊടുക്കാം. നിന്റെ നിലപാടുകളുടെ ശെരികളെ ഞാൻ ഇനി അളക്കില്ല, കുറ്റപ്പെടുത്തില്ല, അതിന്റെ തീവ്രത അളക്കാനുള്ള ഏകകം എനിക്കിനി നേടാനുമാവില്ല. എല്ലാവർക്കുമുണ്ട് അവരവരുടേതായ ശെരികൾ; അപരന് ഉപദ്രവമാകാത്ത ശെരികൾ മനസ്സിനെ നയിക്കട്ടെ. അതിജീവനത്തിന്റെയും സത്യസന്ധതയുടെയും പേരുകൾ ഇട്ട് കാലം അതിനെ അടയാളപ്പെടുത്തട്ടെ. ബൈബിൾ പറയുന്നുണ്ട്, "നീ വലത്തോട്ടോ, ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന് ഒരു സ്വരം ശ്രവിക്കും, ഇതാണ് വഴി, ഇതിലെ പോകുക"(ഏശയ്യ 30:21). ഈശ്വരസാന്നിദ്ധ്യം മാത്രം നിന്റെ ശെരികളെ അളക്കട്ടെ.


                       ഷിബിനച്ചൻ CMI

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...