Friday, October 1, 2021

*ഇരുട്ട്*

 *ഇരുട്ട്*


ആകാശം മുട്ടെ വളർന്നു കൊണ്ടിരിക്കുന്ന ചില കോമരങ്ങൾ മനസ്സിലുണ്ട് എന്ന് സമ്മതിച്ചുകൊണ്ട് എഴുതാം. ആദർശവാനായ ഒരു എഴുത്തുകാരനായിത്തീരുവാനുള്ള ശ്രമം നന്നായി നടക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇരുട്ടിൽ ഒളിപ്പിച്ചുവച്ച് കൊണ്ട് നടക്കുന്ന മഹാവ്യാധികൾ വിരലിലെണ്ണാവുന്ന അത്ര ഉണ്ട് എന്ന് താൽപര്യമില്ലെങ്കിലും സമ്മതിച്ചു തരുന്നു. 'കണ്ണിലാകെ ഇരുട്ട് കയറുന്നതുപോലെ' എന്ന ഒരു സിനിമ ഡയലോഗ് ഓർമ്മ വരുന്നു. ഇരുട്ട് ഒരു സാമാന്യനാമം ആയിരിക്കുമല്ലേ..? സങ്കടങ്ങളുടെ കടലിന്റെ പേര് ഇരുട്ട്, അരുതായ്മകളുടെ കൂമ്പാരത്തിന്റെ പേരും ഇരുട്ട്. ഇരുട്ടിനെ വല്ലാതെ നിഷേധാത്മകമാക്കിയ മഹാപാപികളോട് പുച്ഛം തോന്നുന്നു. ഇരുട്ട് ഉണ്ടെങ്കിലേ നിങ്ങൾ പറഞ്ഞു തരുന്ന വെളിച്ചത്തിന്  പ്രസക്തിയുള്ളൂ.  എപ്പോഴും വെളിച്ചത്തിൽ ആയിരിക്കുവാൻ പറ്റില്ലതാനും. ഇരുട്ട് അനിവാര്യമാണ്; സങ്കടങ്ങളെ ഒളിപ്പിക്കാൻ. ആരുമറിയാതെ നമ്മൾ നമ്മളാവാറില്ലേ.... ഞാൻ എത്രകണ്ട് തലകുത്തിമറിഞ്ഞാലും വ്യവസ്ഥാപിത നിഷേധാത്മകത ആയ ഇരുട്ടിനെക്കുറിച്ച് എഴുതാതിരിക്കാൻ ആവില്ല. വെളിച്ചം നഷ്ടപ്പെടുത്തുന്നത് എന്തും ഇരുട്ട്; ഈ വെളിച്ചം സ്നേഹമാകാം, സൗഹൃദമാകാം, സമാധാനമാകാം, ആരോഗ്യമാകാം, വിശുദ്ധിയാകാം. ബൈബിളിൽ അതിമനോഹരമായ ഒരു വചനമുണ്ട്; "മറ്റുള്ളവർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട് ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ" (മത്തായി 5 :16) ഇരുട്ടുകൾ മാറി വെളിച്ചം ഉണ്ടാകുവാൻ കൊതിക്കുന്ന വല്ലാതെ ഇരുണ്ടു പോയ ജന്മങ്ങൾ ഉണ്ട്. വിശപ്പകലാൻ, പ്രതിസന്ധി മാറാൻ,കെട്ടിപ്പുണരാൻ, ദൈവസാന്നിധ്യത്തിലാകാൻ, അങ്ങനെയങ്ങനെ... ഈയാംപാറ്റകളുടെ ജീവിതത്തിലെ വൈരുദ്ധ്യാത്മകത ഓടിയെത്തുകയാണ്; ഇരുട്ടിൽ ജീവൻ നിലനിർത്തുന്നു, വെളിച്ചത്തിൽ വന്ന് സ്വയം ജീവൻ പൊലിയിച്ചു കളയുന്നു. ഇരുട്ട് എന്ന ഒരു പ്രതിഭാസം ഇല്ലത്രെ; വെളിച്ചം തീരെ ഇല്ലാതായി പോകുന്ന അവസ്ഥയെ ഇരുട്ട് എന്ന് വിളിക്കുന്നു എന്നുമാത്രം. ഇരുട്ടുകളായി ഗണിക്കപ്പെടുന്ന ചില ആരോപണങ്ങളുടെ പുകമറ മാറ്റാൻ പോലും പോലും ധൈര്യം ഇല്ലാത്തവരായി വളരെ fragile പോകുന്നുണ്ടോ ഞാനും നീയും..? തമസ്സോമ ജ്യോതിർഗമയ.


ഷിബിനച്ചൻ CMI

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...