Thursday, January 28, 2021

വെളിച്ചമറ്റ കണ്ണുകൾ

വെളിച്ചമറ്റ കണ്ണുകൾ


അമ്മയെക്കുറിച്ച് എഴുതാമെന്നു ഓർത്തു. ഈ വാഴ്‌വിലെ ഏറ്റവും നനവുള്ള വിചാരമാണ് 'അമ്മ. അമ്മമാരുടെ ദിവസം വരുമ്പോഴോ, അമ്മപരാമർശം ഉള്ള കവിത വായിക്കുമ്പോഴോ, സിനിമ കാണുമ്പോഴോ ഒക്കെ മാത്രമേ, ഈ നനവിനെ കുറിച്ച്‌ ഓർക്കൂ എന്നത് മറ്റൊരു ദുര്യോഗം. 'The Great Indian Kitchen' എന്ന മലയാളസിനിമ കണ്ടു. അടുക്കള മാത്രം പശ്ചാത്തലമാക്കി പടുത്തുയർത്തിയ സിനിമ. കഥാപാത്രം ഭാര്യ ആണെങ്കിലും ഞാൻ അമ്മയിലേക് അതിനെ വികസിപ്പിക്കുകയാണ്. അടുക്കള മാത്രം കുറേ നേരം കണ്ടുകൊണ്ടിരുന്നപ്പോൾ പതുക്കെ ബോറടിച്ചു തുടങ്ങി. ഈ സിനിമ കാണുമ്പോൾ ഒരു ശരാശരി മലയാളിക്ക് തോന്നുന്ന ബോറടിയാണ്; പത്ത്, ഇരുപത്, മുപ്പത്...അമ്പത്, അറുപത് വർഷങ്ങളായി നമ്മുടെ അമ്മമാർ അനുഭവിക്കുന്നത്. അമ്മക്ക് അടുക്കള ജോലി ഒരു ഭാരവും ബോറടിയുമല്ല എന്ന് പറഞ്ഞു ഇതിനെ വിമലീകരിക്കുന്നവരോട് എനിക് യോജിക്കാനാവില്ല. നല്ല കരുത്തുള്ള സിനിമ. ദിവസത്തിന്റെ ബോധസമയങ്ങളിൽ അധികസമയവും അടുക്കളയിൽ വ്യാപരിക്കുന്ന അമ്മമാർക്ക് ഒരു Actual Tribute. ഒത്തിരി വിചാരങ്ങൾ ഉണ്ട് മനസ്സിൽ...എല്ലാ ദിവസവും മുടങ്ങാതെ ആവർത്തിച്ചു ചെയ്യേണ്ട അടുക്കള ജോലി ചെയ്യുന്ന 'അമ്മ- 14 ദിവസം Quarantine ഇരുന്നപ്പോൾ നാം അനുഭവിച്ച വീർപ്പുമുട്ടൽ ആജീവനാന്തകാലം അടുക്കളയിലും വീടിനകത്തുമായി അനുഭവിക്കുന്ന 'അമ്മ- ആണുകേസരികൾ മാത്രം ഉള്ള വീട്ടിൽ ഒരു കൈസഹായത്തിന് പോലും ആളില്ലാതെ യന്ത്രം കണക്കെ ജോലി ചെയ്യേണ്ടിവരുന്ന അമ്മമാർ. എല്ലാം കഴിഞ്ഞു, ദിവസം ഒടുങ്ങുമ്പോൾ, ദൈവസന്നിധിയിൽ കരങ്ങളുയർത്തി കണ്ണുനീർ തൂകുന്ന 'അമ്മ. വല്ലാതെ വിചിത്രമായിട്ടാണ് ദൈവം  അമ്മമാരെ സൃഷ്ടിച്ചിരിക്കുന്നത്. അത്താഴപട്ടിണി കിടന്നാൽ സ്വൈര്യം കെടുത്തുന്ന സ്വരമാണ് 'അമ്മ, പുസ്‍തകം വായിക്കുന്നതിനിടെ ഉറക്കം തൂങ്ങുമ്പോൾ ഞെട്ടിയുണർത്തുന്ന നിലവിളിയാണ് 'അമ്മ, രോഗശയ്യയിൽ മോനെ എങ്ങനെ ഉണ്ട് എന്ന് ആയിരം തവണ ചോദിക്കുന്ന സ്നേഹശബ്ദമാണ് 'അമ്മ. 'അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടിവെക്കുന്നു' എന്നു ബൈബിൾ. വല്ലാതെ ഇഷ്ടപ്പെട്ട, കാണാപാഠം പഠിച്ച കൽപറ്റ കവിതയിലെ അമ്മവിചാരം എഴുതി അവസാനിപ്പിക്കട്ടെ..."ഞാൻ എത്തിയാൽ മാത്രം കെടുന്ന ഒരു വിളക്ക് വീട്ടിലുണ്ട്..അത് അമ്മയുടെ കയ്യിലാണത്രേ."


                   ഷിബിനച്ചൻ CMI

Friday, January 22, 2021

ക്രമം

 *ക്രമം*


വി.ഫ്രാൻസിസ് അസ്സീസിയെ വായിച്ചുതീർത്തു,ബുദ്ധനെ മനസ്സിലാക്കിയെടുത്തു, യേശുക്രിസ്തുവിനെ കുറച്ചുദിവസങ്ങളായി ശിരസ്സിലിട്ട് മഥിക്കുകയാണ്. കുറച്ചുകൂടി വിനീതമായി ജീവിതത്തെ കാണുകയും, ക്രമീകരിക്കുകയും ചെയ്യണമെന്നു സൗമ്യമായി പറഞ്ഞുതരുന്ന ഗുരുസ്മൃതികളാണിവ. ശിരസ്സിൽ വരെ എത്തുന്നുള്ളൂ...വെളിച്ചത്തിന്റെ ഒരു പൊട്ട് ചങ്കിൽ വീണിരുന്നെങ്കിൽ ഞാൻ എത്ര കണ്ട് വിപ്ലകരമായി മാറിയേനെ..ഞാൻ മറ്റെല്ലാവരെയുംകാൾ വലിയവനാണ് എന്ന് കാട്ടാൻ കിരീടം ധരിച്ചുവരുന്ന രാജാവിനെപ്പോലെ, എല്ലാം അറിയാം എന്ന അത്ര ചെറുതല്ലാത്ത അഹംകാരവും, എല്ലാ പരിഗണനയും ലഭിക്കാനർഹൻ എന്ന ധാർഷ്ട്യവും വല്ലാതെ മൂടുകയാണ് ജീവിതത്തെ. നിങ്ങളിൽ ഏറ്റവും വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം (മത്തായി 20:27). ഇത്‌ ജീവിച്ച ക്രിസ്തുവിനെ പ്രതിനിധീകരിച്ചു അവന്റെ വെള്ളവസ്ത്രം അണിയുമ്പോൾ, എനിക്കെന്തു ഉപവി ദൈവമേ...? പന്ത്രണ്ടാം നിലയുടെ മുകളിൽ നിന്നു നോക്കിയപ്പോൾ ഒരു പൊട്ടു പോലെ അച്ചനെ കാണാൻ പറ്റിയുള്ളൂ.. എന്ന കൂട്ടുകാരന്റെ dialogue വല്ലാതെ മുറിപ്പെടുത്തുകയും ഓർമപ്പെടുത്തുകയും ചെയ്യുന്നു; വിനീതമായ ചില ക്രമീകരണങ്ങൾക്ക് സമയമായെന്ന്..'ഈയിടെയായി വല്ലാണ്ടങ്ങട് മാറി ആ ചെക്കൻ'..എന്നു അല്പം മുതിർന്നവരെ കൊണ്ട് പറയിപ്പിക്കുക..; സാദ്ധ്യതകളിൽ ഒന്നാകാൻ തരമില്ല. ഈ അടുത്ത ഇടെ വായിച്ച ഏറ്റവും ഊഷ്മളമായ ചിന്ത - കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിൽ ഇരിക്കുന്ന രാജാവും കാലാളും, കളി കഴിഞ്ഞാൽ കുത്തിനിറച്ചു ഒരൊറ്റ  ഡെപ്പയിൽ ആണല്ലോ എന്നുള്ളതാണ്. ചേട്ടായി എന്നു വിളിച്ചു ഫോൺ വിളിക്കാനും മെസ്സേജ് അയക്കാനും കുറച്ച് പേർ ഉണ്ട് എന്നുള്ളത് സന്തോഷം നൽകുന്നുണ്ട്. കുറച്ചുകൂടി പ്രാർത്ഥിച്ചും, സ്നേഹിച്ചും, സന്തോഷിപ്പിച്ചും, കയ്യിൽ ഉള്ളതൊക്കെ നൽകിയും, നനവുള്ള ജീവിതത്തിലൂടെ ക്രിസ്തുവിന്റെ മിത്രമാകണം. ക്രിസ്തുവിനോട് ചേർത്തു വെക്കുന്നതൊക്കെ ക്രമമാണ്; ശേഷം ജീവിതത്തെ ചെറിയ ചെറിയ കളങ്ങളായി ചുരുക്കണം. ഹൃദയങ്ങൾ ഭരണം നടത്തട്ടെ.

                         

                                      ഷിബിനച്ചൻ CMI

Friday, January 15, 2021

തിരഞ്ഞെടുപ്പ്

 *തിരഞ്ഞെടുപ്പ്*


ആത്മീയമായ പാകങ്ങളുടെയും ആത്മവിദ്യകളുടെയും പിൻബലമില്ലാതെ, ഞാൻ തിരഞ്ഞെടുപ്പിനെക്കുറിച്ചു സംസാരിക്കുവാൻ പോവുകയാണ്. പിന്നെ അവൻ മലമുകളിലേക് കയറി തനിക്കു ഇഷ്ടമുള്ളവരെ തന്റെ അടുക്കലേക്കു വിളിച്ചു(മർക്കോസ് 3:13). വല്ലാതെ ആകർഷിക്കുന്ന ഒരു തിരുവചനം. ആയിരിക്കുന്ന ജീവിതത്തിന്റെ എല്ലാ അവസ്ഥാന്തരങ്ങളിലും ദൈവത്തിന് എന്നെ ഇഷ്ടമാണ് എന്ന് ധ്യാനിക്കുന്നത് എത്ര ഊഷ്മളമാണ്, അല്ലെ...എന്നാൽ ദൈവത്തിന്റെ ഈ തിരഞ്ഞെടുപ്പിനെ സാധൂകരിക്കുന്ന എല്ലാ പടക്കോപ്പുകളും നമ്മളിൽ ഇല്ല എന്നു ഒരു വ്യസനത്തോടെ ഓർക്കുന്നത് ആത്മീയതയുടെ ഒരു പടിയാണെന്നു പറയാൻ ആണ് എനിക്ക് ഇഷ്ടം. ഇത്‌ വായിക്കുന്നവർ എല്ലാവരും, അവരവർ ആയിരിക്കുന്ന ജീവിതാവസ്ഥ, ദൈവം തിരഞ്ഞെടുത്തു തന്നതാണ് എന്ന വിശ്വാസത്തിലേക്ക് ഉയരണമെന്ന് ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്. ഈ ഉയർന്ന വിശ്വാസത്തിൽ നിന്നും വേണം ആന്തരികമായും മാനസികമായും പാകപ്പെടാത്ത നമ്മുടെ ജീവിതത്തെ ധ്യാനിക്കാൻ; നമ്മുടെ അപക്വതകളിലേക്കും ദുർവാശികളിലേക്കും കണ്ണുകൾ ഉയർത്താൻ. ആലയിൽ ഉരുക്കപ്പെടുന്ന സ്വർണ്ണഉരുപടി പോലെ തെളിയപ്പെടാൻ ഇനിയും ഉണ്ട് എന്ന് ചിന്തിക്കുന്നത് എത്ര എളിമയാണ്. നിന്റെ ജീവിതം ദൈവത്തിന്റെ തെരഞ്ഞെടുപ്പാണ് എന്നുള്ളതുകൊണ്ടുതന്നെ എല്ലാ നിമിഷങ്ങളിലും ദൈവം കൂടെ സഞ്ചരിക്കുന്നുണ്ടാകും.

പൊള്ളുന്ന വെയിലിൽ കുട നിവർത്തി തണൽ നൽകുന്ന മരം പോലെ ദൈവം സഹായത്തിനു കൂടെ ഉണ്ട് എന്ന് ചിന്തിക്കാനുള്ള ആഴം എന്നാണ് നമുക്ക് ലഭിക്കുക. അസ്വസ്ഥമായ മനസ്സോടെ, പരിഹാരം കുറിച്ചു തരാൻ സാധിക്കാത്ത വഴികളിലൂടെ നമ്മൾ യാത്ര ചെയ്യുകയാണ്. ഇനിയും നിശബ്ദരായി നിൽക്കാൻ ആവില്ല; നിശബ്ദനായി നിന്നാൽ നിന്റെ ഉള്ളിൽ ഒരു കുറവുണ്ട്- ഒരാത്മാവിന്റെ. പ്രിയമുള്ളവരേ, വല്ലതും എഴുതി പിടിപ്പിക്കുന്ന ഈ നാളുകളിൽ ഞാൻ അറിയാതെ ഒരു അപ്രതീക്ഷിത പക്വതയിലേക് ഉയരുകയാണ്; തിരഞ്ഞെടുപ്പിന്റെ പക്വതയിലേക്. ജീവിക്കാൻ ആകാതെ പോയ ജീവിതം എഴുത്തിലൂടെ സ്വന്തമാക്കുവാനുള്ള ഒരു മിഥ്യാശ്രമം ആണോ എന്നൊരു തോന്നൽ.😄😄


                         ഷിബിനച്ചൻ CMI

Tuesday, January 12, 2021

നീതിയോടെ

 *സ്നേഹിതരെ...* 


സദുദ്ദേശ്യത്തോടെ അല്ല, അലസമായി ഇരുന്നപ്പോൾ ബൈബിൾ എടുത്തു വായിച്ചു. തുറന്നു കിട്ടിയത് മത്തായി സുവിശേഷകൻ വിവരിക്കുന്ന മലയിലെ പ്രസംഗം...അഷ്ടഭാഗ്യങ്ങൾ എടുത്തു വായിച്ചു. അഷ്ടഭാഗ്യങ്ങൾ എട്ട് ഇല്ല, ഏഴ് ഉള്ളു. ഒരെണ്ണം ആവർത്തനം ആണ്...ബോബി അച്ചൻ പ്രസംഗിച്ചത് ഓർത്തു....നീതിക്കു വേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവർ ഭാഗ്യവാന്മാർ..ആവർത്തനം ആണ്...മനപ്പൂർവ്വം ദൈവം ചേർത്തു വെച്ചതാണ്..അത്രക്ക് പ്രധാനപെട്ടതാണ് എന്നു ഓർമ്മിപ്പിക്കാൻ...അപരന് അർഹിക്കുന്നത് നൽകുക..അതാണ് നീതി..Give him what is due to him...കടിനാദ്ധ്വാനം കഴിഞ്ഞു വരുന്ന അപ്പച്ചന് കയറി വരുമ്പോൾ തന്നെ മകൾ കൊണ്ടു കൊടുക്കുന്ന ചൂട് ചായ ആണ് നീതി...പ്രായമായ അമ്മാമ്മക് തണുപ്പ് വരുമ്പോൾ പുതപ്പു നേരെ എട്ടു കൊടുക്കുന്നതും നീതി തന്നെ...വലിയ കാര്യങ്ങളിൽ മാത്രം ആണ് നീതി കേട്ടിരിക്കുന്നത്..കോടതിവിധികൾ, ധർമമണ്ഡലങ്ങൾ എന്നിവിടങ്ങളിൽ..ഇത്ര ചെറിയ കാര്യങ്ങളിൽ നീതിക്ക് ബന്ധം ഉണ്ടോ.?....ഉണ്ടടോ....നീതി നീതി തന്നെ...ചെറിയ കാര്യങ്ങളിലെ നീതി പരിഗണിക്കാൻ പറ്റാത്തത് ആണ് നമ്മുടെ അഹം..അതുകൊണ്ടു ആണ് നീതി ചിന്തയിൽ പോലും വരാത്തത്...ഒരു ഹായ് പറച്ചിൽ..ഒരു whatspp msg, ഒരു ഫോൺ കാൾ, ഒരു പുഞ്ചിരി, ഒരു സന്ദർശനം...ഇതൊക്കെ മതിയാകും,പല ബന്ധങ്ങളിലും നീതി പുലരാൻ...അഹം വെടിഞ്ഞു ആഴത്തിൽ ചിന്തിക്കണം.. നീതി നിറയട്ടെ ബന്ധങ്ങളിൽ..അപരന് അർഹിക്കുന്നത് കൊടുത്തു നന്മ വിതരുന്നവരാകാം...ബന്ധങ്ങളിൽ ഊഷ്മളത നിറയട്ടെ...ആരുടേതുമല്ലാത്ത കാരണങ്ങളാൽ പരസ്പരം കുറ്റപ്പെടുത്തി..നീതിയെ അകട്ടിയിട്ടുണ്ട് നമ്മൾ..ഇത്‌ വളരെ സ്പഷ്ടമായി എഴുതുന്നത് രണ്ടു ബന്ധങ്ങളിൽ ഈ നീതി ഞാൻ നിഷേധിച്ചു വെച്ചിട്ടുണ്ട് എന്നുള്ളത് കൊണ്ടു തന്നെ( മറുചോദ്യങ്ങൾ പ്രതീക്ഷിക്കുന്നില്ല😄). ഞാൻ അകറ്റിയ ആത്മബന്ധങ്ങൾ എന്നെ നോക്കി ചിരിക്കുന്നു.. അഹത്തെ വെടിയാനുള്ള വിശാലത നമ്മുക് ഒരുമിച്ച് പ്രാർത്ഥിച്ചെടുക്കാം..ഞാനുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നീതി നിറയട്ടെ...സമർപ്പിതസമൂഹങ്ങൾ, ഇടവകകൾ, കുടുംബങ്ങൾ, സൗഹൃദവലയങ്ങൾ ഇവിടെയൊക്കെ പകുതിയോളം പേർ ഇങ്ങനെ നീതിയുടെ അരുവികളായി ഒഴുകിയാൽ എത്ര സുന്ദരമായിരിക്കും ബന്ധങ്ങൾ...നീതിയുടെ പ്രേഷിതരാകാം...🙏🙏🙏സ്നേഹിക്കാനും കൈകോർത്തു മുന്നേറാനും ഉള്ള സത്ത ഉള്ളവരാകാം..😄😄സർവേശ്വരൻ അനുഗ്രഹിക്കട്ടെ


                                ഷിബിനച്ചൻ

മെമ്മറീസ്

 *മെമ്മറീസ്* 


നിശ്ചിതകാലത്തേക് നിശ്ചലമാക്കി വെക്കേണ്ട ഒരു  ശരീരത്തിന് ഉടമയാണ് ഞാൻ ഇന്ന്. വിനോദവിക്രിയയിൽ പറ്റിയ പാളിച്ച. നിന്റെ ബാസ്കറ്റ്ബോൾ കളിയൊക്കെ ഇനി ഒരു ഓർമ്മയായിരിക്കും എന്ന കൂട്ടുകാരന്റെ ഒരു പ്രതികരണമാണ് പെട്ടെന്ന് ഓർമ്മകളെ കുറിച്ച് വാചാലനാകാൻ എന്നെ പ്രേരിച്ചിച്ചത്. ഭൂതകാല ഓർമകൾ വല്ലാതെ പച്ചപിടിച്ചു നിൽക്കുകയാണ് മനസ്സിൽ. യാത്രകൾ,ആഘോഷങ്ങൾ, ആരവങ്ങൾ എല്ലാം automatic bulb പോലെ മിന്നിമറയുകയാണ്. ടെലിവിഷൻ on ചെയ്ത് നോക്കിയപ്പോൾ കിട്ടിയ സിനിമ- മെമ്മറീസ്; ഓർമ്മകളിലൂടെ പ്രതികാരദാഹം തീർക്കുന്ന വില്ലൻ. നീണ്ട കാലത്തേക്ക് വേട്ടയാടാൻ പോകുന്ന ഓർമ്മകളോട് ഇന്നു മുതൽ പൊരുതി ശീലിക്കണം, കാരണം മായ്ക്കാനാവാത്ത വിധം ആഴമുണ്ട് ഓർമയുടെ ഓരോ ഇതളിനും.


നിശ്ചലതയുടെ ഈ നാളുകളിൽ ഇനി ക്രിസ്തു ഓർമ്മകളിലേക്കാണ്‌ കണ്ണ് വെക്കുന്നത്. ക്രിസ്തുവിന്റെ പടയാളിയാകാൻ മറന്നു പോയതിനെ ഓർത്തെടുക്കണം. പരിശുദ്ധാത്മാലയമായ ശരീരത്തെ അശുദ്ധപ്പെടുത്തിയത്, വചന വായനയിൽ വന്ന പിഴവുകൾ,  സമർപ്പണത്തിലെ പാളിച്ചകൾ, പ്രാർത്ഥന ജീവിതത്തിൽ വന്ന വിടവുകൾ, സാഹോദര്യസ്നേഹം പടുത്തുയുർതാതെ പോയത്- എല്ലാം ഓർത്തെടുക്കണം. തെളിവുള്ള ഓർമ്മകളിൽ ഒന്നും ഇത്തരം വിഹാരങ്ങൾ ഇല്ല. ഇരുട്ടിലൂടെ മുന്നോട്ടു നടക്കുമ്പോൾ അനുഭവപ്പെടുന്ന അപയപ്പെടുത്തുമാറുള്ള, ശൂന്യതപോലെ, വല്ലാതെ വെപ്രാളപ്പെടുന്നു എന്നിലെ സന്ന്യാസി. ഈ ശൂന്യതയിൽ ക്രിസ്തു ഓർമ്മ വെളിച്ചമാകുമാറു, ക്രിസ്തുവിനോടുള്ള അടുപ്പം എനിക്കില്ല എന്ന്‌ ലജ്ജയോടെ ഞാൻ എഴുതിവെക്കട്ടെ. നിങ്ങളിൽ ക്രിസ്തു രൂപപ്പെടുന്നതുവരെ, ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു എന്ന പൗലോസ് വചനം വെല്ലുവിളിക്കുകയാണ്. ഈ നിശ്ചലതയുടെ ദിനങ്ങളിൽ ക്രിസ്തു രൂപപ്പെടുന്നതിന്റെ ഈറ്റുനോവിൽ ഞാൻ അമർന്നെരിയട്ടെ.


                         *ഷിബിനച്ചൻ* CMI

ബാവൂൾ

 സ്നേഹമുള്ള സമർപ്പിതരെ,


വീണ്ടുമൊരു വെല്ലുവിളി... 'ബാവൂൾ' വായിക്കുകയായിരുന്നു.കനലായ് മാറിയത്, 'കറുത്ത വരികൾ' എന്ന ശീർഷകം. ഒരു നാണവുമില്ലാതെ ഞാൻ അതെന്റെ ജീവിതത്തിലേക്കു വച്ചുപിടിപ്പിച്ചു നോക്കി.' കറുപ്പും വെളുപ്പും ,നമ്മൾ ഏറ്റവും കൂടുതൽ ഉച്ചരിച്ചിട്ടുണ്ടാകും ..അല്ലേ? ജീവിതത്തിന്റെ എല്ലാ കറുത്ത എടുകളെയും വെളുപ്പിക്കണമെന്നു ഒരു ആയിരം തവണ എങ്കിലും ഞാൻ ഉപദേശം ചൊരിഞ്ഞിട്ടുണ്ട്. ഇനി ഞാൻ തല തിരിഞ്ഞു ചിന്തിക്കുകയാണ്. നിന്റെ വെളുത്ത, അലക്കിതേച്ചു മിനുക്കിയ വസ്ത്രങ്ങളിൽ, ചില കറുപ്പുകൾ ദൈവത്തിനു ഇഷ്ടമാണത്രേ..ജീവിതം വല്ലാതെ വെളുക്കുകയാണ് അനുദിനം. മുറി, വസ്ത്രം, ഉപയോഗിക്കുന്ന സാധനങ്ങൾ....മുന്തിയത്...നിറം മങ്ങാത്തത്...താമസസ്ഥലത്ത് നിന്നു കാറിലേക്ക്.. കാറിൽ നിന്നും നിർദിഷ്ട സ്ഥലത്തേക്കു...അവിടെ നിന്നു തിരിച്ച്‌...പാദരക്ഷകൾ സർവസമയവും...ക്രിസ്തുവിന്റെ നാമത്തിൽ ജീവിച്ചിട്ടു ക്രിസ്തുവിന്റെ മണം ഇതുവരെ ഇല്ല ..ക്രിസ്തുവിന്റെ പരിമളം ആകണമെന്ന് പൗലോസ് ശ്ലീഹായിലൂടെ  ഓർമിപ്പിക്കപ്പെട്ടത്, ആദിമസഭയിലെ പണിയാളന്മാരുടെ മണം സ്വീകരിക്കണമെന്നാണ് എന്നു ബോബി ജോസ് കട്ടികാട് അച്ചന്റെ പ്രസംഗത്തിലൂടെ മനസ്സിലാക്കിയെടുത്തു..കഠിനാധ്വാനം ചെയ്യുന്ന ഒരു സാധാരണ അപ്പന്റെ  നെഞ്ചിലെ വിയർപ്പും കക്ഷത്തിലെ മണവും എല്ലാം അന്യമാണ്..ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാൻ യാത്ര ചെയ്തതിന്റെ ക്ഷീണമോ,ക്രിസ്തുവിന്റെ നിസ്വരുടെ പക്കൽ ചെന്ന് സ്നേഹിച്ചതിന്റെ സമയങ്ങളോ..ഇതെല്ലാം അന്യം. എഴുതുമ്പോളും ഇതെല്ലാം ജീവിക്കാൻ നന്നേ പാടാണ് എന്ന ഒരു തരം അലസതാബോധം എന്നെ വിഴുങ്ങുകയാണ്..ദൈവമുമായി എന്നെകിലും സംസാരിക്കേണ്ടിവരുകയാണെങ്കിൽ, എനിക് വേണ്ടി സുവിശേഷം പ്രസംഗിക്കാൻ നടന്നതിന്റെ വിണ്ടുകീറ

റലുകൾ നിന്റെ കാല്പാദങ്ങളിൽ ഉണ്ടോ...? എന്റെ വേണ്ടപ്പെട്ടവർക് വേണ്ടി പണിയെടുത്തത്തിന്റെ ചെളി കയ്യിൽ പുരണ്ടിട്ടുണ്ടോ...? ഇതൊക്കെയായിരിക്കും അവിടത്തെ ചോദ്യങ്ങൾ..എന്നാണ് ഈ വെളുപ്പുകളിൽ കുറച്ച് കറുത്ത വരകൾ ഇടാനാകുക..'നടക്കുന്ന വല്ല കാര്യങ്ങളും എഴുതടെ' എന്ന ആയിരം മറുപടികൾ ആകട്ടെ എന്റെ സമ്മാനം..ദൈവത്തിന്റെ കറുപ്പ് ജയിക്കട്ടെ...


                                 ഷിബിനച്ചൻ

ഇടവേള

 *ഇടവേള* 


ചിലപ്പോൾ ജീവിതത്തിനു മുൻപിൽ നമ്മൾ നിശബ്ദരാകാറുണ്ട്‌. നിർവികാരതയിൽ അഭയം തേടാറുണ്ട്. പ്രണയവിരഹമോ, മനസ്സിന് ആഘാതം ഏൽപ്പിച്ച ഉറ്റവരുടെ മരണമോ, ഒത്തിരി പ്രതീക്ഷ നൽകിയ ജീവിതസാഹചര്യം നഷ്ടപ്പെട്ടതിന്റെ നീറ്റലോ, എന്തുമാകാം കാരണം.കുറച്ചുനാളുകളായി ഞാനും ഒരു നിർവികാരതയുടെ ഇടവേളയിലാണ്; തീർച്ചയായും ചില ആഘാതങ്ങൾ ഏറ്റതുകൊണ്ട് തന്നെ.  ഈ നിർവികാരതയിൽ ഇരുന്നുകൊണ്ടു ചിന്തകളോട് മല്ലിടുവാൻ ഒരു മടി,എല്ലാ ചിന്തകളും വല്ലാതെ യാഥാർഥ്യങ്ങളെ പൊക്കി എടുക്കുന്നതു പോലെ. ജീവിതയാഥാർത്ഥ്യങ്ങൾ  ഒരു വില്ലനെ പോലെ മുന്നിൽ വന്നു നിൽക്കുന്നത് പോലെ തോന്നുന്നു. പ്രാർത്ഥിക്കുന്ന ഒരു പുരോഹിതൻ എന്നിൽ ഇല്ലെന്ന്, ത്യാഗ ജീവിതം നയിക്കുന്ന ഒരു സമർപ്പിത എന്നിൽ ഇല്ലെന്ന്, വാത്സല്യം നൽകി സ്നേഹിക്കുന്ന ഒരു അപ്പൻ അല്ല ഞാൻ എന്ന്, കുടുംബത്തിന്റെ കെട്ടുറപ്പിന് വേണ്ടി കരങ്ങളുയർത്തി തിരുസന്നിധിയിൽ കണ്ണുനീർ തൂകുന്ന ഒരമ്മ എന്നിൽ ജീവിച്ചിരിപ്പില്ല എന്ന കടുത്ത യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നത് അത് ഒരു വില്ലനുമായി ആയി മൽപ്പിടുത്തം നടത്തുന്നതിനു തുല്യമാണ്. ജീവിതത്തിൽ അനുവദിക്കപ്പെടുന്ന  ആഘാതമേറിയ യാഥാർത്ഥ്യങ്ങൾ  വല്ലാതെ നമ്മെ നിർവികാരാറാക്കാറുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ ഒരു ഫ്രീസിംഗ് പോയിൻറ് ഉണ്ട് .'ഞാൻ മടുത്തു എന്തെങ്കിലുമാവട്ടെ' എന്നത് ഉദാഹരണം. ചിലർ ആ പോയിന്റിൽ തകർന്നുപോകും. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന്(അ.3) സഭാപ്രസംഗകൻ പറയുന്നതുപോലെ  ഈ ഇടവേളക്കുശേഷം ഉയർത്തെഴുന്നേൽക്കാൻ ചിലർ ശ്രമിക്കും. ക്രിസ്തുവിനോട് ചേർന്ന് നിൽക്കുന്ന ഇടങ്ങളിൽ ഈ നിർവികാരത ഇല്ല; ഭാവാത്മകത മാത്രം. ഇങ്ങനെയൊന്നും ജീവിതത്തിൽ ഇല്ല എന്ന് പറയുന്നവരോട് ഒരു വാക്ക്, സുഖവും ദുഃഖവും സമാന്തരരേഖകൾ അല്ല; സമ്മിശ്ര കോണുകൾ ആണ്. സുഖം മാത്രമായോ ദുഃഖം മാത്രമായോ ദൈവം ഒരു വര വരയ്ക്കില്ല. ഇവ രണ്ടും ഇടകലർത്തി നിറം ചാർത്തി ദൈവം വരച്ചിടുന്നതാണ് ജീവിതം. ആത്മാർത്ഥമായി പറഞ്ഞാൽ ഇത്‌ ഇതെഴുതുമ്പോൾ വരെ മേൽപ്പറഞ്ഞ കുന്ത്രാണ്ടം, നിർവികാരത - എന്നിൽ കുത്തി കുത്തി മറയുകയാണ്, ഇതൊന്നും ശരിയാവില്ല എന്നമട്ടിൽ. എങ്കിലും ഇതൊരു ഇടവേള മാത്രമാണ് എന്ന് ശക്തമായ തോന്നിപ്പിക്കുന്ന ദൈവം ആണ് ഇവിടെ ഹീറോ .


                     ഷിബിനച്ചൻ CMI

സ്നേഹപാരമ്യം

 *തിരുരക്തത്തിന്റെ ഉപവിയുടെ സഹോദരിമാരെ...* 


'സ്നേഹപാരമ്യ'ത്തിലൂടെ കടന്നുപോവുകയായിരുന്നു.ആഴവും പരപ്പും തിട്ടപെടുത്താനായില്ല.ആത്മീയജീവിതത്തിന് ഒരു ഉണർവ് ലഭിക്കണമെന്ന വാശി ഈ വായനയ്ക് പിന്നിൽ ഉണ്ടായിരുന്നു.ആദ്യം കണ്ണ് ഉടയ്ക്കിയ വാക്യം, *'ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളിൽ ദൈവസാന്നിധ്യത്തിന്റെ യഥാർത്ഥ അടയാളം കണ്ടെത്തുന്നതിന് അവർക്ക് കഴിഞ്ഞു.'*

എന്നതാണ്.എന്റെയും ഇത്‌ വായിക്കുന്ന ഓരോ ആളിന്റെയും ജീവിതത്തിന്റെ പൊരുൾ ഇതാണ്, ജീവിതഏടുകളിൽ നാം ദൈവനാമത്തിൽ, ദൈവസാന്നിധ്യത്തിൽ ജീവിക്കുന്നവരാണ് എന്ന അവബോധം. ഈ അവബോധം നിലനിർത്തി വായിച്ചാലേ ഈ പുസ്തകം ഒരു വെല്ലുവിളി ആയിത്തീരൂ.താളുകളിലൂടെ കടന്നുപോയപ്പോൾ വിചിന്തനത്തിനായി ഒരു ചോദ്യം ഒളിച്ചുവയ്ക്കപ്പെട്ടിരുന്നു. *"തിരുരക്തത്തിന്റെ പുത്രിമാരെ,നിങ്ങളുടെ ജീവിതന്തസ്സിന്റെ നന്മ നിങ്ങൾക്ക് ശക്തിയും പ്രചോദനവും നല്കുന്നില്ലേ?"* ആയിരിക്കുന്ന ജീവിതാന്തസ്സിൽ പണിയെടുത്തു നേടിയെടുക്കേണ്ട നന്മ ;ആ നന്മ മാത്രമേ ശക്തിയും പ്രചോദനവും നൽകൂ എന്ന വലിയ വാൾമുനയോട് കൂടിയുള്ള ഓർമ്മപ്പെടുത്തൽ. " *സ്വതന്ത്ര മനസ്സോടെ ഏറ്റെടുത്ത ഈ പ്രത്യേക വിളിക്ക്‌ അനുയോജ്യമായ എല്ലാ കടമകളും ഈ വിളി സ്വീകരിച്ചവർ ഏറ്റെടുത്തെ മതിയാകൂ"* എന്ന കനമുള്ള ഒരു ഓർമ്മപ്പെടുത്തലും ഉണ്ട്‌ തുടർന്നുള്ള താളുകളിൽ." *ചിന്തയിലും സംസാരത്തിലും പ്രവർത്തിയിലും ഒക്കെ പ്രത്യക്ഷപ്പെടുത്തേണ്ടത് ലോകരക്ഷക് നിദാനമായ തിരുരക്തത്തെ ആണ്"* എന്ന വായന നെഞ്ചുപിളർത്തുകയാണ്. കുറച്ചുകൂടി നേരത്തെ ഈ പുസ്തകവുമായി മല്ലിടേണ്ടതായിരുന്നു എന്നു തോന്നി പോകുകയാണ്. 'സ്നേഹപാരമ്യം' വായിച്ചു തീർക്കേണ്ട വെറുമൊരു പുസ്തകമല്ല; ഓരോ സമർപ്പിതനും സമർപ്പിതയ്ക്കും ഇതൊരു ഉണർത്തുപാട്ടാണ്. ഉറകെട്ടു പോയതിനു ഉറ കൂട്ടുവാൻ ഉതകുമാറുള്ള ഒരു വെളിപാട്. ഏറ്റവും ഊഷ്മളമായ വായന, *'സഭാവസ്ത്രം എടുത്തണിയുമ്പോൾ ഉപവിയുടെ വസ്ത്രത്താൽ എന്നെ മൂടണമേ'* എന്നുള്ളതായിരുന്നു. ശേഷം ചെയ്യാൻ പോകുന്ന കർമ്മങ്ങളുടെ തീർച്ചയ്ക്കും മൂർച്ചയ്ക്കും വേണ്ടി ശ്രമിക്കുമ്പോൾ  സഭാവസ്ത്രം അണിയുന്നതിലൊക്കെ എനിക്കെന്തു ഉപവി ദൈവമേ? ഈ പുസ്തകതിന്റെ ഓരോ വരിയും ഒരേ സമയം ഓർമപ്പെടുത്തലും വെല്ലുവിളിയുമാണ്. വിവരിക്കാനോ എഴുതാനോ ഈ ചെറിയ കുറിപ്പ്‌ മതിയാകില്ല. വലിയൊരു സമ്മാനം സ്വീകരിച്ച ആത്മസംതൃപ്തിയിൽ ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു. ഞാനും ഞാൻ ആരിലേക്ക്‌ യാത്ര ചെയ്യുന്നുവോ ആ ക്രിസ്തുവും തമ്മിൽ അകലം ഉള്ളതുകൊണ്ടാണോ എന്നറിയില്ല, വാ. തോമസ് മരിയ ഫുസ്‌കോ പിതാവ് പ്രാർത്ഥിച്ച, എന്നെ വല്ലാണ്ട് പൊള്ളിച്ചുകളഞ്ഞ രണ്ടു വരി പ്രാർത്ഥന എഴുതി അവസാനിപ്പിക്കട്ടെ...


 *" ഓ..എന്റെ പ്രിയ യേശുവേ, അങ്ങിൽ നിന്നകന്നിരിക്കുന്ന അവസരത്തിൽ മറ്റൊരു സ്നേഹവും എന്നെ കരസ്ഥമാക്കാതിരിക്കാൻ അങ്ങു തന്നെ എന്നെ കാത്തുകൊള്ളണമേ."* 


                                   നന്ദിയോടെ

                                  ഷിബിനച്ചൻ CMI

ആത്മാവ് തേടി

 *ആത്മാവു തേടി* 


തത്ത്വശാസ്ത്ര പഠനകാലത്ത്  ചുമ്മാ പഠിച്ചു തള്ളിയ ഒരുഭാഗം. Body and Soul; ശരീരവും ആത്മാവും. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ട് കൊടുക്കരുത് എന്ന തിരുവചനം പോലെ, വലിയ വെളിവൊന്നും ഉണ്ടായിരുന്നില്ല ഇതിനെപ്പറ്റി. ഉദാത്തമായ ഇത്തരം ചിന്തകൾ ശിരസ്സിനെ മദിക്കുവാൻ മാത്രം ആന്തരിക മൗനം ഉണ്ടായിരുന്നില്ല, അന്നത്തെ എനിക്ക്. പ്രീണിപ്പിക്കേണ്ടത് ശരീരം മാത്രമായിരുന്നു എന്ന മൗഢ്യഭാവം വല്ലാതെ തലയ്ക്കു പിടിച്ചിരുന്നു.ആട കൊണ്ട് ,ആഭരണം കൊണ്ട്, ആവരണങ്ങൾ കൊണ്ട്- ആവോളം അലങ്കരിച്ചു കൊണ്ടുനടന്നു. 65 കിലോയിൽ താഴെ മാത്രം മാത്രം ഭാരമുണ്ടായിരുന്ന എന്റെ ശരീരത്തിൽ അഴകിന്റെ അളവുകൾ ഒന്നും കൃത്യം അല്ലായിരുന്നു. അനുദിനം മുടി പൊഴിച്ചുകൊണ്ട് വാശി തീർക്കുന്ന എന്റെ തല,ഉള്ളതിനെ നരയ്ക്കാൻ വിടാതെ കാത്തുസൂക്ഷിക്കുവാൻ ഞാൻ പെടുന്ന പെടാപ്പാടുകൾ, കുഴിഞ്ഞ കണ്ണുകൾ,ഒരിക്കലും വെളുക്കാത്ത പല്ലുകൾ- ഞാൻ സുന്ദരനാണെന്ന് തോന്നിപ്പിക്കുമാറു ഞാൻ സ്വീകരിച്ച പ്രതിരോധമാർഗങ്ങൾ അത്യാവശ്യം അളവറ്റതായിരുന്നു.


ഇങ്ങനെ പൂശിയെടുത്ത ശരീരത്തിന് പ്രാധാന്യമില്ലെന്ന് എൻറെ ശരീരത്തിന്റെ നിശ്ചലാവസ്ഥ എന്നെ ബോധ്യപ്പെടുത്തുന്നു. എന്തെങ്കിലും ഉടുക്കാം, വർണ്ണം നോക്കേണ്ട; ആഭരണവും ആവരണവും വേണ്ട. പരിമളങ്ങൾ  പൂശേണ്ടിവരില്ല. അവയെല്ലാം അവരവരുടെ സ്ഥാനം പിടിച്ചു കഴിഞ്ഞു, ഇനി അടുത്തെങ്ങും പണിയില്ല എന്ന മട്ടിൽ. എല്ലാം അർത്ഥമില്ലാത്തതായിരുന്നു എന്ന ഒരു താത്കാലിക തോന്നൽ.Radical ആകാൻ മാത്രം കരുത്തില്ല ഈ ചിന്തയ്ക്ക്. എങ്കിലും പുതിയ യാത്ര ആത്മാവ് തേടിയാണ്; ഉള്ളറയിൽ ഇല്ലത്രെ. തേടി പിടിക്കണം ആത്മാവിനെ പടിയിറക്കിയത് ശരീരഭ്രമങ്ങളാണ്. ഒരിക്കലും മനസ്സിലാകാതിരുന്ന തിരുവചനഭാഗങ്ങൾക്ക് ജീവൻ വെക്കുന്ന പോലെ തോന്നുന്നു. "ആത്മാവാണ് ജീവൻ നൽകുന്നത് ശരീരം ഒന്നിനും ഉപകരിക്കുന്നില്ല" (യോഹ 6:63 ).ശരീരത്തിന്റെ  ഈ നിശ്ചലതയിൽ, ഈ നിസ്സഹായാവസ്ഥയിൽ നാല് ചുവരുകൾക്കുള്ളിൽ ഇരുന്ന് ഞാൻ തേടുന്ന സത്യമാണ് ആണ് ആത്മാവ്. ജീവൻ നൽകുന്ന ആത്മാവിനെ തേടിപ്പിടിച്ച് ഉള്ളിൽ ഇട്ട് പൂട്ടണം;ശരീരഭ്രമങ്ങളിൽ അല്ല,ആത്മാവിന്റെ ആനന്ദങ്ങളിൽ ആശ്വസിച്ചു മുന്നേറാൻ. 


                     ഷിബിനച്ചൻ CMI

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...